സരോജിനി ബാലാനന്ദൻ അന്തരിച്ചു

സരോജിനി ബാലാനന്ദൻ അന്തരിച്ചു

എറണാകുളം:സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗം സരോജിനി ബാലാനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. എറണാകുളത്ത് മകളുടെ വീട്ടിൽ വിശ്രമ ജീവിതത്തിൽ കഴിയവേ ഇന്നലെ രാത്രി പത്തരയോടെയാണ് അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒൻപതരയോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്തരിച്ച സി.പി.എം നേതാവും നിയമസഭാംഗവും എം.പിയുമായിരുന്ന ഇ.ബാലാനന്ദൻറെ ഭാര്യയാണ് സരോജിനി ബാലാനന്ദൻ.
1980-85 കാലഘട്ടത്തിൽ കളമശ്ശേരി പഞ്ചായത്ത് പ്രസിഡൻറായി രാഷ്ട്രീയ രംഗത്ത് തുടക്കം കുറിച്ച സരോജിനി ബാലാനന്ദൻ വനിതാ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്.ദേശീയ രാഷ്ട്രീയത്തിലും അവർ സജീവ സാന്നിധ്യമായിരുന്നു. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ, തൊഴിൽ രംഗത്ത് നേരിടുന്ന ചൂഷണങ്ങൾ എന്നീ വിഷയങ്ങളിൽ പരാതിക്കാരോടൊപ്പം നിന്ന് പോരാടിയ വ്യക്തിത്വമായിരുന്നു.
ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. സരോജിനി ബാലാനന്ദൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *