യുപി:2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുമായോ ഇന്ത്യ മുന്നണിയുമായോ സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ബിഎസ്പി തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. എൻഡിഎയുമായി സഖ്യമെന്ന ആശയം പോലും ഉദിക്കുന്നില്ലെന്നും ഇരു സഖ്യങ്ങളും ജാതീയ, വർഗീയ, മൂലധന നയങ്ങളിൽ ബഹുജൻ സമാജവാദി പാർട്ടിക്ക് ചേരാത്ത നയം പുലർത്തുന്നവരാണെന്ന് മായാവതി വ്യക്തമാക്കി. സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും അവർ പറഞ്ഞു. 2007 ലേത് പോലെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി മൽസരിക്കും. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും ചിതറിക്കിടക്കുന്നവരുമായ ജനങ്ങളെ ഒന്നിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മായാവതി വ്യക്തമാക്കി. ഗ്രാമങ്ങളിൽ വ്യാപകമായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് ആളുകളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനും മായാവതി ബിഎസ്പി നേതാക്കളോട് ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിൽ നിന്ന് 10 എംപിമാരും ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എംഎൽഎമാരും ബിഎസ്പിക്കുണ്ട്.