കാലിക്കറ്റ് പ്രസ് ക്ലബ്ബിന് ഇനി പുതിയ മുഖം

കാലിക്കറ്റ് പ്രസ് ക്ലബ്ബിന് ഇനി പുതിയ മുഖം

കോഴിക്കോട്: കഴിഞ്ഞ 50 വർഷമായി കോഴിക്കോട്ടെ നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ്ബ് കെട്ടിടത്തിന് ഇനി പുതിയ മുഖവും അകവും. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ആസ്ഥാനം കൂടിയായ പ്രസ് ക്ലബ്ബ് കെട്ടിടം നവീകരിച്ചത്. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ് രാകേഷും വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലക്കുളം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കെട്ടിടോദ്ഘാടനം നിർവഹിക്കും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യാതിഥിയാകും.
ആസ്റ്റർ ഡി. എം ഹെൽത്ത്കെയറാണ് നവീകരണ ജോലികൾ പൂർണ്ണമായും ഏറ്റെടുത്തത്. താഴത്തെ നിലയിൽ ഓഫീസ് സൗകര്യങ്ങളും ഒന്നാം നിലയിൽ വിസിറ്റേഴ്സ് ലോഞ്ചും വാഷ്റൂമും വർക്ക് സ്റ്റേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവനായും എ.സി.പി. പാനൽ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കി. പ്രസ്‌ക്ലബിലെത്തുന്ന പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.1970 നവംബർ 16ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണു കാലിക്കറ്റ് പ്രസ്‌ക്ലബിന് തറക്കല്ലിട്ടത്. 1971 ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഒറ്റനില കെട്ടിടത്തിൽ പ്രസ് ക്ലബ്ബിന്റെ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് പലഘട്ടങ്ങളായി വികസിപ്പിച്ചാണു ഇന്നത്തെ അഞ്ചുനില കെട്ടിടമായി ഉയർന്നത്. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാനജന.സെക്രട്ടറി ആർ. കിരൺ ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഷജിൽ കുമാർ, അഞ്ജന ശശി എന്നിവർ ചടങ്ങിൽ ആശംസകൾ നേരും. മാധ്യമ പ്രവർത്തകർക്കുള്ള മിംസ് പ്രസ് ഹെൽത്ത് കാർഡിന്റെ റീലോഞ്ചിംഗ് ചടങ്ങിൽ ഡോ. ആസാദ് മൂപ്പൻ നിർവ്വഹിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം ബാവുൽ ഗായകൻ ഹർദിൻ ദാസ് ബാവുളിന്റെ സംഗീത പരിപാടിയുമുണ്ടാകും.
വാർത്താസമ്മേളനത്തിൽ കാലിക്കറ്റ് പ്രസ് ക്ലബ് ട്രഷറർ പി.വി. നജീബ്, വൈസ് പ്രസിഡന്റ് രജി ആർ നായർ, ജോ. സെക്രട്ടറിമാരായ എം.ടി. വിധുരാജ്, ടി. മുംതാസ്, എക്‌സിക്യൂട്ടീവ് അംഗം ടി. ഷിനോദ് കുമാർ എന്നിവരും പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *