കൈതപ്രത്തിന് ആദരവായി സർഗാലയയുടെ മ്യൂസിക്കൽ ജേർണി വിത്ത് മാസ്റ്റേഴ്‌സിനു 30ന് തുടക്കം

കൈതപ്രത്തിന് ആദരവായി സർഗാലയയുടെ മ്യൂസിക്കൽ ജേർണി വിത്ത് മാസ്റ്റേഴ്‌സിനു 30ന് തുടക്കം

വടകര:  കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു മലയാളത്തിലെ പ്രമുഖ ഗായകർ നടത്തുന്ന ഗാനാർച്ചനയോടെ ഇരിങ്ങലിലെ സർഗാലയ കേരള ആർട്‌സ് ആന്റ് ക്രാഫ്ട് വില്ലേജിന്റെ മ്യൂസിക്കൽ ജേർണി വിത്ത് മാസ്‌റ്റേഴ്‌സ് പരമ്പരക്ക് 30 ന് തുടക്കമാകും. ‘പ്രമദവനം വീണ്ടും’ എന്നു പേരിട്ട കൈതപ്രം സംഗീത സന്ധ്യക്ക് വൈകുന്നേരം 6 മണിക്കാണ് അരങ്ങേറ്റം.
പത്മശ്രീ കൈതപ്രം രചിച്ചതും ഈണം പകർന്നതുമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മഞ്ജരി അജയ്‌ഗോപാൽ, നിഷാദ്, റീന മുരളി, സംഗീത സംവിധായകൻ ശരത്, ഹരിനാരായണൻ തുടങ്ങിയ ഗായകർ ആലപിക്കും. സിനിമാ സംവിധായകരും പരിപാടിയിൽ പങ്കെടുക്കും. മലയാളിയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രചനകളിൽ നിന്നു തെരഞ്ഞെടുത്ത മനോഹര ഗാനങ്ങൾ പാടിയാണു പ്രിയഗായകർ കലാസന്ധ്യ ഒരുക്കുന്നത്.
കടുത്ത പ്രതിസന്ധി നേരിടുന്ന കരകൗശല കലാകാരന്മാർക്ക് തൊഴിലും വിപണിയും ഒരുക്കി അന്തസുറ്റ ഉപജീവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛ കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സർഗാലയ. ഇടനിലക്കാരില്ലാതെ കരകൗശല വിദഗ്ധന്മാർ തന്നെ സ്വന്തം ഉൽപ്പന്നങ്ങൾ അവർ നിശ്ചയിക്കുന്ന വിലക്കു ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് നേരിട്ടു വിൽപ്പന നടത്തുന്നു. തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികൾ സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പിനായി ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നത്.
കലാ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിപ്പിച്ച് ഇവിടേക്ക് ജനങ്ങളെ ആകർഷിക്കാനാണ് ഇത്തരം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ വിനോദ സഞ്ചാര, കരകൗശല വികസന പ്രവർത്തനങ്ങളിലൂടെ വിനോദ സഞ്ചാര മേഖലയിൽ ഒരു വ്യാഴവട്ടംകൊണ്ട് അന്താരാഷ്ട്ര പ്രശസ്തി നേടാൻ സർഗാലയ്ക്കു കഴിഞ്ഞു. കരകൗശല വിദഗ്ധർക്ക് ഈ സൗകര്യം ഒരുക്കാനുള്ള ചെലവു കണ്ടെത്തുന്നത് സന്ദർശകപ്പാസും ഓഡിറ്റോറിയം വാടകയും പോലുള്ള ഇതര മാർഗ്ഗങ്ങളിലൂടെയാണ്. കൈതപ്രം സംഗീതസന്ധ്യയുടെ ടിക്കറ്റുകൾ സർഗാലയിലും പേടിഎം ഇൻസൈഡർ ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്.
എം.എൽ.എ കാനത്തിൽ ജമീല, പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്, കോഴിക്കോട് റൂറൽ പോലീസ് ചീഫ് ആർ.കറുപ്പസാമി ഐപിഎസ്, കോഴിക്കോട് ഡിസിപി കെ.ബൈജു ഐപിഎസ്, എസ്,പ്രേംകുമാർ കാനറാ ബാങ്ക് ജന.മാനേജർ കേരള സർക്കിൾ  ആന്റ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ കമ്മിറ്റി കൺവീനർ , ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ ചടങ്ങിൽ സന്നിഹിതരാവും.
സർഗാലയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.പി.ഭാസ്‌ക്കരൻ, ജന.മാനേജർ ടി.കെ.രാജേഷ്, പ്രോഗ്രാം മാനേജർ ഷാനു മുനമ്പത്ത്, ക്രാഫ്റ്റ്‌സ് ഡിസൈനർ കെ.കെ.ശിവദാസൻ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *