കോഴിക്കോട്:കേന്ദ്ര സർക്കാരിന്റെ ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലത്തിന് കീഴിൽ കമ്യൂണിറ്റി റേഡിയോ സ്‌കീം പ്രകാരം ജില്ലയിൽ ആദ്യമായി അനുവദിക്കപ്പെട്ട കമ്യൂണിറ്റി റേഡിയോ കെയർ എഫ് എം 89.6 ഈ വർഷാവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഭിന്നശേഷി മേഖലയെ മുഖ്യലക്ഷ്യമാക്കി കഴിഞ്ഞ 13 വർഷമായി പൂനൂർ കേന്ദ്രമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷനാണ് കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്. ഭിന്നശേഷി മേഖലയിലെ പരിപാടികൾക്ക് പ്രാമുഖ്യം നൽകുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ സ്‌റ്റേഷൻ കൂടിയായിരിക്കും ഇത്. വാല്യു വേവ്‌സ് എന്ന പേരിൽ ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും ആർട് വേവ്‌സ് എന്ന പേരിൽ വിനോദ പരിപാടികളും ഇൻഫോ വേവ്‌സ് എന്ന പേരിൽ വിജ്ഞാന പരിപാടികളും കെയർ എഫ് എം അവതരിപ്പിക്കും.
റേഡിയോ നിലയത്തിന്റെ ലോഗോ പ്രകാശനം സംഗീത സംവിധായകൻ എം ജയചന്ദ്രൻ നിർവ്വഹിച്ചു. റേഡിയോ സ്‌റ്റേഷൻ ട്രയൽ സംപ്രേഷണം സെപ്തംബറിൽ ആരംഭിക്കും. പുതുവൽസര രാവിൽ കെയർ എഫ് എം 89.6 നാടിന് സമർപ്പിക്കും. എഫ്.എം റസീവർ വഴിയും മൊബൈൽ ആപ്പ് വഴിയും റേഡിയോ പരിപാടികൾ ശ്രോതാക്കൾക്ക് ലഭിക്കും.
വാർത്താസമ്മേളനത്തിൽ കെ.അബ്ദുൽ മജീദ്, ടി.എം.അബ്ദുൽ ഹക്കീം,ആർ.ജെ നന്ദ, സൈഫുദ്ദീൻ വെങ്ങളത്ത് പങ്കെടുത്തു.