തെള്ളിയൂർ: നിർമ്മിത ബുദ്ധിയിൽ വർഷങ്ങളായി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും പണി കൊടുത്തിരിക്കുകയാണ് റോഡുകളിലെ എ.ഐ ക്യാമറ സംവിധാനം. സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നു കാണിച്ച് തുടർച്ചയായി ആറ് നോട്ടീസുകൾ ആണ് പത്തനംതിട്ട തെള്ളിയൂരിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപന ഉടമ ഡോ. നൈനാൻ സജിത്ത് ഫിലിപ്പിന് കിട്ടിയത്. ചെയ്യാത്ത നിയമലംഘനത്തിനാണ് പിഴ ചുമത്തിയതെന്ന് നൈനാൻ സജിത്ത് ഫിലിപ്പ് പറഞ്ഞു.കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന നൈനാൻ സജിത്ത് ഫിലിപ്പ് തെള്ളിയൂരിൽ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് ഗവേഷണ സ്ഥാപനം നടത്തുകയാണ്. ലൈറ്റിന്റെയോ ധരിച്ച വസ്ത്രത്തിൻറെ നിറം പോലുള്ള നിസാരമായ കാരണങ്ങൾ കൊണ്ടാവാം എഐയ്ക്ക് പിഴവ് വരുന്നതെന്ന് നൈനാൻ സജിത്ത് ഫിലിപ്പ് പറയുന്നു. ആദ്യത്തെ ചെലാൻ ലഭിച്ച സമയത്ത് തന്നെ വിവരം പത്തനംതിട്ട ആർടിഒയെ അറിയിച്ചിരുന്നു. കുറ്റം ചെയ്യാത്ത ആൾക്ക് പിഴ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്അദ്ദേഹം ആരോപിച്ചു. 33 വർഷമായി വാഹനം ഓടിക്കുന്ന വ്യക്തിയാണ്. സീറ്റ് ബെൽറ്റ് നിയമം വന്നതിന് ശേഷം ഒരു തവണ പോലും ഒരു പെറ്റി പോലും ലഭിച്ചിട്ടില്ലെന്നും ആറ് ചെലാനും അബദ്ധത്തിൽ വന്നതാണെന്നുഅദ്ദേഹം അറിയിച്ചു. ചെലാൻ തരുമ്പോൾ ചെയ്ത നിയമ ലംഘനത്തേക്കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കുന്ന രീതിയിലാവണം ചെലാനെന്നും നെനാൻ സജിത്ത് ഫിലിപ്പ് ആവശ്യപ്പെട്ടു.