കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ. കൂടുതൽ നടപടികൾ വേണ്ടെന്നും വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നും കൗൺസിൽ പറഞ്ഞു. ആറ് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്തെന്നായിരുന്നു അധ്യാപകൻ ഡോക്ടർ പ്രിയേഷിന്റെ ആരോപണം. തെറ്റ് ചെയ്തവർ മാപ്പ് പറയണം. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ വിദ്യാർത്ഥികൾ ഇങ്ങനെ പെരുമാറില്ലായിരുന്നു.വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു.