കോഴിക്കോട് :ഹിന്ദു ഏക കോഡ് നടപ്പിലാക്കിയതിനുശേഷം മതി ഇന്ത്യൻ ഏക സിവിൽകോഡ് നടപ്പിലാക്കേണ്ടതെന്ന് കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റും കേരള കരകൗശല കോർപറേഷൻ ചെയർമാനും ആയ പി. രാമഭദ്രൻ. കേരള ദലിത് ഫെഡറേഷൻ(കെ.ഡി.എഫ്)കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
3600 ഉപജാതികളാണ് ഹിന്ദുക്കളിൽ മാത്രമായിട്ടുള്ളത്. അവരുടെ ആചാര അനുഷ്ഠാനങ്ങൾ വ്യത്യസ്തമാണ്. ഹിന്ദുത്വവാദികളായ കേന്ദ്രം ഭരിക്കുന്നവർക്ക് ഹിന്ദുക്കളെ പോലും ഏക സിവിൽകോഡിൽ കൊണ്ടുവരാൻ കഴിയില്ല. പിന്നെയാണോ വിവിധ മതങ്ങളും ഭാഷകളും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളും ഉള്ള രാജ്യത്ത് അത് അസാധ്യമാണ്. .ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളുള്ള ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ നടത്തിയത് പോലുള്ള വിഫലമായ പ്രവർത്തിയായി ഇത് പര്യവസാനിക്കും.ബഹു സ്വരതയുടെ ഏകത്വമാണ് ഇന്ത്യൻ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മുഖമുദ്ര.അത് തകർത്ത് ഇന്ത്യയെ ശിഥിലമാക്കാൻ ആണ് സംഘപരിവാർ ശ്രമിക്കുന്നത്.ഏകസിവിൽ കോഡിലൂടെ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാം എന്നത് വ്യാമോഹമാണ് . ദലിതരെയും ആദിവാസികളെയും ബാധിക്കുന്ന പ്രശ്നം കൂടിയായതുകൊണ്ട് ഏകസിവിൽ കോഡിനെ സംഘപരിവാർ വിരുദ്ധ ശക്തികൾ ഒന്നിച്ചു നിന്ന് ചെറുത്ത് തോൽപ്പിക്കും എന്നും പി.രാമഭദ്രൻ പറഞ്ഞു .
സമ്മേളനത്തിൽ കെ.ഡി.എഫ് ജില്ലാ പ്രസിഡണ്ട് സി.ബാബു അധ്യക്ഷത വഹിച്ചു .കെ.എൻ.എസ് .സംസ്ഥാന സെക്രട്ടറി വിനീതാ വിജയൻ, കെ.പി.റുഫാസ്,അഡ്വ.സി.ഭാസ്‌കരൻ,ചന്ദ്രൻ കയ്യിൽ,ലൈല രാമനാട്ടുകര ,രാഘവൻ കീച്ചേരി, വി.എം.ലീല,സഞ്ജയ്ബാവ,പി.കെ നിഷ, ദീപ ശിവരാമൻ,പി.കെ. ജോഷി തുടങ്ങിയ സാമൂഹ്യരാഷ്ട്രീയ നേതാക്കൾ പ്രസംഗിച്ചു.