കോഴിക്കോട് : ഫോക്ലോർ രൂപങ്ങൾ അതിജീവനത്തിന്റെ സർഗാത്മകമുഖമാണെന്ന് പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക ഫോക്ലോർ ദിന സന്ദേശയാത്ര കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവംശത്തിന്റെ ഉൽപ്പത്തി തൊട്ട് നാട്ടുകലകളും നാട്ടറിവുകളും കൈമാറി വന്നു. കാലദേശങ്ങളിലൂടെ സഞ്ചരിച്ചു പാഠഭേദങ്ങളോടെ വിനിമയം ചെയ്യപ്പെടുന്ന ഫോക്ലോർ രൂപങ്ങൾക്ക് പുതിയ കാലത്തും പ്രസക്തിയുണ്ട്. നാല് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ‘പൊട്ടൻ തെയ്യത്തോറ്റം ‘ മുന്നോട്ട് വെക്കുന്ന സാമൂഹ്യവ്യവസ്ഥിതിയോടുള്ള സാംസ്കാരികപ്രതിരോധം നവസാഹചര്യങ്ങളിലും പ്രായോഗികമാണെന്ന് ഗിരീഷ് ആമ്പ്ര കൂട്ടിച്ചേർത്തു.
ചടങ്ങിൽ നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് താലൂക്ക് സെക്രട്ടറി ബിജേഷ് ബി ജെ കാക്കൂർ അധ്യക്ഷത വഹിച്ചു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി രജനി,ജില്ലാ പ്രസിഡന്റ് റീജു ആവള, ജില്ലാ സെക്രട്ടറി അതുല്യ കിരൺ, മുൻ ജില്ലാ സെക്രട്ടറി സജീവൻ കൊയിലാണ്ടി, മണികണ്ഠൻ തവനൂർ, രവി കീഴരിയൂർ, സദു ആവള, രജീഷ് കക്കറമുക്ക്, ലിസ്ന മണിയൂർ,ഷിബിന സിദ്ധാർഥ്, ശ്രീനിഷ കുമാരി തുടങ്ങി മുപ്പതോളം നാട്ടു കലാകാരൻമാർ ഫോക്ലോർ ദിന സന്ദേശകലാജാഥക്ക് നേതൃത്വം നൽകി. കൊട്ടും പാട്ടും സമ്മിശ്രമായ കലാജാഥ ആസ്വാദകർക്ക് നവ്യാനുഭവമായി.
നാട്ടുകലാകാരക്കൂട്ടം അംഗം മണികണ്ഠൻ തവനൂർ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് റീജു ആവള നന്ദിയും പറഞ്ഞു.