പുതുപ്പള്ളി:സതിയമ്മക്ക് എതിരെ എടുത്ത നടപടി പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് എന്ന് ഭർത്താവ് രാധാകൃഷ്ണൻ. ഉമ്മൻ ചാണ്ടി തനിക്കും കുടുംബത്തിനും വേണ്ടി ചെയ്തു തന്ന സഹായങ്ങൾ പറയുക മാത്രമാണ് സതിയമ്മ ചെയ്തത്.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമപ്രവർത്തകർ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണം തേടിയതിനിടയിൽ സതിയമ്മയോടും ഉമ്മൻചാണ്ടിയെ കുറിച്ച് ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്‌തെന്നും മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്ത കാര്യങ്ങളും സതിയമ്മ വിശദീകരിച്ചു.
ഉമ്മൻചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി.സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ട എന്ന് അറിയിക്കുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിടാൻ മേലുദ്യോഗസ്ഥർക്ക് സമർദ്ദമുണ്ടായിരുന്നതായും സതിയമ്മ പറയുന്നു.
വേറൊരു തെറ്റും ചെയ്യാത്ത സതിയമ്മയ്ക്കു നഷ്ടമായത് പതിമൂന്നു വർഷമായി ചെയ്തുകൊണ്ടിരുന്ന കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ ജോലിയാണ്. ജീവിതമാർഗമാണ് ഈ നടപടിയിലൂടെ നിന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.