കോവിഡാനന്തരം രാജ്യത്ത് അസമത്വവും ധ്രുവീകരണവും വർധിച്ചു –  പി. സായ്നാഥ്

കോവിഡാനന്തരം രാജ്യത്ത് അസമത്വവും ധ്രുവീകരണവും വർധിച്ചു – പി. സായ്നാഥ്

കോഴിക്കോട്: കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് അസമത്വവും സാമൂഹിക ധ്രുവീകരണവും വർധിച്ചുവെന്ന് പി. സായിനാഥ്. പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച നാഷണൽ എൻ.ജി.ഒ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 നെ ഒരു മഹാമാരിയായിട്ടാണ് നമ്മൾ മനസ്സിലാക്കാറുള്ളത്. കോവിഡ് മഹാമാരിക്ക് അപ്പുറത്ത് മൂന്ന് സാമൂഹിക മഹാമാരികൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അതിലൊന്ന് അസമത്വമാണ്. സർക്കാരിനെതിരെ പ്രതികരിക്കുന്ന വ്യക്തികളെ രാഷ്ട്രീയമായി ക്രിമിനലുകളാക്കി അടിച്ചമർത്തുക എന്നതാണ് മറ്റൊന്ന്. മൂന്നാമത്തേത് സമൂഹത്തിൽ വർഗീയത വളർത്തുകയും സാമൂഹികമായി ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളതാണ്. വിവേചനത്തിൽ അധിഷ്ടിതമായ നിലവിലെ സാമൂഹിക ക്രമത്തിനുള്ള പരിഹാരം ഭരണഘടന തന്നെയാണ്. ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്തിയും കർഷക സമരങ്ങൾ പോലെയുള്ള ഭരണഘടനാ സംരക്ഷണ പ്രക്ഷോഭങ്ങളിലൂടെയും വിവേചനരഹിതമായ സാമൂഹിക നിർമിതിയെ സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി. ടി. അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. അടിച്ചമർത്തപ്പെടുന്ന സാമൂഹിക വിഭാഗങ്ങൾ സ്വയം ശാക്തീകരിക്കപ്പെടുകയാണ് എൻ.ജി.ഒകൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാമൂഹിക വിഭാഗങ്ങൾ നടത്തുന്ന ശാക്തീകരണ പ്രവർത്തനങ്ങളെ സാമുദായികമായി കാണാതെ ദേശീയ ഉന്നമനത്തിന്റെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. വർത്തമാനകാല രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ ന്യൂനപക്ഷ സമൂഹം കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൗണ്ടേഷൻ മുൻ ചെയർമാൻ എം.കെ മുഹമ്മദലി ചടങ്ങിൽ സംസാരിച്ചു.

സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ചെയർമാൻ എസ്.എം വിജയാനന്ദ് ഐ.എ.എസ് (റിട്ട), കപ്പാസിറ്റി ബിൽഡിങ്ങ് അറ്റ് പ്രവാഹ് ഡയറക്ടർ ഇഷാനി സെൻ, ഓർഗനൈസിംഗ് കമ്മിറ്റി വൈസ്.ചെയർ പേഴ്സൺ ഡോ.പ്രീതി എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് സ്വാഗതവും, പ്രൊജക്റ്റ് ഡയറക്ടർ ഡോ. വി.എം നിഷാദ് നന്ദിയും പറഞ്ഞു. രണ്ട് ദിവസം 14 സെഷനുകളിലായി അവതരണങ്ങളും ചർച്ചകളും നടക്കുന്ന കോണ്‌ഫെറസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ൽ പരം എൻ.ജി.ഒകളിൽ നിന്നായി 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *