മഹത്തായ പാരമ്പര്യമുള്ള ഭാരതത്തിൽ പോലും മനുഷ്യനെ തേടി നടക്കേണ്ട  ഗതികേടിലാണ് നമ്മളെന്ന് കെ.ബൈജുനാഥ്

മഹത്തായ പാരമ്പര്യമുള്ള ഭാരതത്തിൽ പോലും മനുഷ്യനെ തേടി നടക്കേണ്ട ഗതികേടിലാണ് നമ്മളെന്ന് കെ.ബൈജുനാഥ്

കോഴിക്കോട്: മഹത്തായ പാരമ്പര്യമുള്ള നമ്മുടെ ഭാരതത്തിൽ പോലും മനുഷ്യനെ തേടി നടക്കേണ്ട ഗതികേടിലാണ് നമ്മളെത്തിയിരിക്കുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജൂ നാഥ് പറഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് കേന്ദ്രമായി രൂപീകരിച്ചിട്ടുള്ള ഗ്‌ളോബൽ ഇന്ത്യൻ കൗൺസിലിന്റെ പി .എൻ പണിക്കർ പുരസ്‌കാരം കോഴിക്കോട് കാളാണ്ടി താഴത്തെ ദർശനം സാംസ്‌കാരികവേദിയുടെ ഓൺലൈൻ വായന മുറി പ്രവർത്തകർക്ക് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനും മനുഷ്യന്റെ മനസ്സുമെല്ലാം ഏറെ ഇടുങ്ങിവരുന്ന ഒരു കാലമാണിന്ന്. എല്ലാത്തിനെയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. ഏതു മാർഗത്തിലൂടെയാണെങ്കിലും നാം അവസാനം എത്തുന്നത് ഒരു ദൈവത്തിന്റെ മാർഗത്തിലേക്ക് തന്നെയാണെന്നാണ് നമ്മുടെ സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്.
പുതിയ തലമുറ ഇന്ന് വലിയ വളർച്ചയുടെ ലോകത്താണ്. എന്നാൽ അറിവിന്റെയും ഉയർച്ചയുടെയും ഉത്തുംഗ ശ്രേണിയിലിരിക്കുമ്പോഴും ജീവിതത്തിലെ ചെറിയ പരാജയങ്ങളെ പോലും നേരിടാൻ കഴിയാതെ അവർ പതറിപ്പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് വായന ലോകമൊട്ടാകെ വ്യാപിപ്പിക്കുവാനുള്ള ദർശനം ഓൺലൈൻ വായനാമുറി എന്നതടക്കമുള്ള നൂതനാശയങ്ങൾ പ്രാവർത്തികമാക്കിയതിനാണ് പ്രശസ്തിപത്രവും മനുഷ്യ ശില്പവും 50000 രൂപയുടെ പുസ്തകങ്ങളുമടങ്ങിയ അവാർഡ് ദർശനം സാംസ്‌കാരിക വേദിക്ക് ലഭിച്ചത്. ചടങ്ങിൽ ഗ്‌ളോബൽ ഇന്ത്യൻ കൗൺസിലിന്റെ നോർത്ത് കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും കെ.ബൈ ജുനാഥ് നിർവഹിച്ചു.
നോർത്ത് കേരളാ ചാപ്റ്റർ പ്രസിഡന്റ് പ്രഫ. വർഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. സെൻട്രൽ ചാപ്റ്റർ പ്രസിഡന്റ് പ്രഫ. കെ.പി. മാത്യൂ , മാതൃഭൂമി ഡയറക്ടറും പി വി എസ് ആശുപത്രി ചെയർമാനുമായ ഡോ. ജയ്കിഷ് ജയരാജ്, നിയമോപദേഷ്ടാവ് അഡ്വ. ജലീൽ ഓണാട്ട്, ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. രതി തമ്പാട്ടി, അഡ്വ.പി.എസ്. ശ്രീഹരി എന്നിവർ സംസാരിച്ചു. ദർശനം സാംസ്‌കാരികവേദി പ്രസിഡന്റ് പി. സിദ്ധാർത്ഥൻ മറുപടി പ്രസംഗം നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും ഡോ. ഗോവിന്ദവർമ രാജ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *