വിലപ്പെട്ട സമയം പാഴാക്കിയ യതിൽ  ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

വിലപ്പെട്ട സമയം പാഴാക്കിയ യതിൽ ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

 

ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ വൈകിയതിന് ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം. കുഞ്ഞിന്റെ വളർച്ച 28 ആഴ്ച പൂർത്തിയാക്കാറായ സാഹചര്യത്തിൽ ഇത്തരമൊരു ഹർജിയിൽ വിലപ്പെട്ട സമയം പാഴാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി ‘വിചിത്ര’മാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് സുപ്രീം കോടതി യുവതിയുടെ ഹർജി പരിഗണിച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നോട്ടിസ് അയച്ചു.
മെഡിക്കൽ ബോർഡ് അനുകൂലമായിട്ടാണ് റിപ്പോർട്ട് നൽകിയതെങ്കിലും, ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയതായി ഹർജിക്കാരിയുടെ അഭിഭാഷകൻ ശശാങ്ക് സിങ് സുപ്രീം കോടതിയെ അറിയിച്ചു.
ഗർഭഛിദ്രത്തിന് അനുമതി തേടി ഓഗസ്റ്റ് ഏഴിനാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് എട്ടിന് ഹർജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി, മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ഓഗസ്റ്റ് 10ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 11ന് വീണ്ടും ഹർജി പരിഗണിച്ചെങ്കിലും, അത് ഓഗസ്റ്റ് 23ലേക്ക് നീട്ടിവച്ചതായി അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.ഈ ഹർജിയുടെ പ്രത്യേകതകളും സാഹചര്യവും പരിഗണിക്കുമ്പോൾ ഓരോ ദിവസവും നിർണായകമാണെന്ന സത്യം ഹൈക്കോടതി അവഗണിച്ചു. മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച 11ാം തീയതി മുതൽ കേസ് നീട്ടിവച്ച ഓഗസ്റ്റ് 23 വരെ നിർണായകമായ സമയമാണ് നഷ്ടമായതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിയെ ഇന്നുതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. റിപ്പോർട്ട് നാളെത്തന്നെ കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആദ്യത്തെ കേസായി ഹർജി പരിഗണിക്കും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *