ഇവിടെ നിബിഢവനങ്ങൾ ക്യാമറക്ക് വാതിൽ തുറക്കുന്നു

ഇവിടെ നിബിഢവനങ്ങൾ ക്യാമറക്ക് വാതിൽ തുറക്കുന്നു

ചാലക്കര പുരുഷു

മാഹി: രണ്ട് നൂറ്റാണ്ടിന്റെ മാത്രം പ്രായമുള്ള  സാങ്കേതിക വിദ്യ പ്രതിഭാധനരായ ഫോട്ടോഗ്രാഫർമാരുടെ ഉൽക്കാഴ്ച്ചയുടെ സ്പർശം കൊണ്ട് സാർവ്വജനീനമായ കലാവിദ്യയായി പരിണമിച്ച അത്ഭുതചരിതമാണ് ഫോട്ടോഗ്രഫിക്ക് പറയാനുള്ളത്. മൊബൈൽ ഫോട്ടോഗ്രഫിയുടെ ആവിർഭാവത്തോടെ നാമെല്ലാം സ്വന്തം മുഖത്തേക്ക് ക്യാമറതിരിക്കുമ്പോൾ ധ്യാനാത്മക മനസ്സോടെ ഏതാണ്ട് നാൽ്പതു വർഷമായി കാട്ടിലേക്കു ക്യാമറതിരിച്ചു വയ്ക്കുന്ന ഒരാളുണ്ട് നമ്മുടെ ഇടയിൽ, അസീസ് മാഹി.
നമ്മുടെയെല്ലാം ഉള്ളിൽ ആദിമ വന്യതയുടെ ശേഷിപ്പായി ഒരു പാദപത്തണലും, പർണ്ണശാലയും ധ്യാനപത്മങ്ങൾ വിരിയുന്ന സൗപർണികയും കുടികൊള്ളുന്നുണ്ട് എന്നദ്ദേഹം പറയും.കാടിന്റെ വിളികേൾക്കുമ്പോൾ ക്യാമറയുമായി , കാടിന്റെ സിംഫണികൾ പകർത്താനായി ഈ മനുഷ്യൻ കാടുതേടുന്നു. അങ്ങനെ പകർത്തിയ ആയിരക്കണക്കിന് ചിത്രങ്ങൾ അസീസ് മാഹിയുടെ ശേഖരത്തിലുണ്ട്.വന്യജീവികളുടെ അപൂർവ്വചാരുതയുള്ള ചിത്രങ്ങളിലൂടെ നാംഅനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ജന്തുലോകത്തിന്റെ വൈവിധ്യവും സഹവർത്തിത്തവും സ്‌നേഹവും സൗന്ദര്യവും അനാവൃതമാകുന്നു.കാടിന്റെ നീതിശാസ്ത്രം തെറ്റാതെ പാലിക്കുന്നവരാണ് വന്യ ജീവികൾ. അവിടെപുലരുന്ന കുടുംബബന്ധങ്ങളുടെയും മാതൃത്വത്തിന്റെയും,ദാമ്പത്യത്തിന്റെയും, സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചിത്രങ്ങൾ, കാട് മനുഷ്യർക്കുള്ള പാഠപുസ്തകമാണെന്ന് സാക്ഷ്യപെടുത്തുന്നു.
വനപ്രകൃതിയെ അടുത്തറിയാനും, ഭൂമിയിൽ ജീവന്റെ തന്നെ  നിലനിൽപ്പിന്നാധാരമായ, ഹരിതസമൃദ്ധിയും, ജൈവവൈവിധ്യവും കാത്തുവയ്ക്കാനുമായി തന്റെ ചുറ്റുമുള്ള മനുഷ്യരുടെ ഉള്ളുണർത്താനായാൽ ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ ജീവിതം സാർത്ഥകമായി എന്നാണ് ഈ ഫോട്ടോഗ്രാഫറുടെ പക്ഷം. ഇന്ത്യയിലെ മിക്കവാറും കടുവാസങ്കേതങ്ങളിലും വനഭൂമിയിലും ആഫ്രിക്കൻ കാടുകളിലും അറേബ്യൻ മണലാരണ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ഒരിടത്തുവെച്ചും ദുരന്താനുഭവങ്ങൾ ഉണ്ടായിട്ടില്ല. കാടെപ്പോഴും സഹജസ്‌നേഹത്തോടെ തന്നെ ചേർത്ത് പിടിക്കുകയായിരുന്നു.
വനയാത്രയുടെ ആദ്യനാളുകളിൽ ഒരു രാത്രി മുത്തങ്ങകാട്ടിൽ വഴിതെറ്റിയപ്പോൾ വനപാലകരെത്തി രക്ഷിക്കും വരെ തുണയായതു ഇല്ലിക്കാടുകൾ തേടിയെത്തിയ വലിയൊരു ആനക്കൂട്ടമായിരുന്നു. ‘ആനയെത്ര ഗംഭീരൻ’ എന്ന് മനസ്സിൽ കുറിച്ച നിമിഷങ്ങൾ.കൈയെത്തും ദൂരത്ത്, യാത്രാവാഹനത്തിന്റെ ബോണറ്റ് തലോടി കടന്നു പോയ കടുവയും രാജകീയ ഭാവങ്ങൾ ഒട്ടും ചോർന്നു പോകാതെ ക്യാമറയ്ക്ക് പോസ് ചെയ്ത മൃഗരാജനും എല്ലാം വനസൗഹൃദത്തിന്റെ നേർ ചിത്രങ്ങളാണ്.
വന മാതൃത്വത്തിന്റെയും കാട്ടു നീതിയുടെയും സാക്ഷ്യങ്ങളായ ഒരുപാട് മുഹൂർത്തങ്ങൾ ഓർത്തെടുക്കാനുണ്ട്. തന്റെ ഇളം പൈതലിനെ കടിച്ചു കൊന്ന കടുവയുടെ നേർക്കു ചിന്നം തൊടുത്തു ആക്രമിക്കാൻപാഞ്ഞടുക്കുന്ന ആനയമ്മയും,അംഗവൈകല്യം കൊണ്ട് ഉയർന്ന മേട് കയറാനാവാതെ വിഷമിക്കുന്ന കുഞ്ഞാനയെ തുമ്പികൈ തൊട്ടിലാക്കി കരകയറ്റുന്ന മാതൃത്വവും, വേഴാമ്പലുകളുടെ ത്യാഗപൂർണമായ ജീവിതായനവും ചീറ്റകളുടെയും ഹയനകളുടെയും നിർദാക്ഷിണ്യമായവേട്ടയും എല്ലാം കാട്ടുനീതിയുടെ നേർച്ചിത്രങ്ങൾ തന്നെ.
മനുഷ്യനും വനഭൂമിയും തമ്മിലുള്ള ആത്മ സൗഹൃദം അതിഗാഢ മായി തെളിയുന്ന മുഹൂർത്തങ്ങൾ മസായ് മാരയിലും, തമിഴകത്തെ കൂന്തൻകുളത്തും,ഇടുക്കിയിലെ ദേവികുളത്തും എല്ലാം കാണാനായിട്ടുണ്ടെന്ന് അസീസ് മാഹി പറഞ്ഞു. ആഫ്രിക്കൻ  മസായിവംശജർ കണ്ണിലെ കൃഷ്ണമണിപോൽ കാടുകാക്കുന്നവരാണ്, കൂന്തൻ കുളത്തെ ഗ്രാമ വാസികൾ ദേശാടന പക്ഷികൾക്ക് കൂടൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും ജീവിതം തന്നെ മാറ്റിപ്പണിതവരാണ്. ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷങ്ങളിലും ഉച്ഛഭാഷിണി ഉപയോഗിക്കുന്നില്ല, ദീപാവലി പടക്കങ്ങളില്ല, തൊട്ടടുത്ത നദിയിൽ മീൻപിടിച്ചു കഴിയുന്നവർ മീനുകൾ പറവകൾക്കു മാറ്റി വച്ചു മറ്റ് ജോലികൾ തേടുന്നു. ദേവികുളത്തു അരുവിയിൽ വെള്ളം കുടിക്കാൻ കാട്ടാനകൂട്ടമെത്തുമ്പോൾ തൊട്ടടുത്തു ഭയലേശമന്യേയുള്ള മനുഷ്യ സാനിധ്യവും കാണാം.ഇക്കഥകളൊക്കെ ചിത്രസാക്ഷ്യമായിതെളിയുമ്പോൾ വന്യജീവി ഫോട്ടോഗ്രഫി കാടിനെയും നാടിനെയും ചേർത്തുവയ്ക്കാനുള്ള ശ്രമമായി മാറുന്നു.
 പൊതുവെ ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഇദ്ദേഹം പങ്കെടുക്കാറില്ല. ബന്ധിപ്പൂർ കാടുകളിൽ നിന്നും പകർത്തിയ ഒരു കൊമ്പനും മാൻകൂട്ടങ്ങളും ചേർന്നുള്ള സൗഹൃദമുഹൂർത്തം പങ്കുവയ്ക്കുന്ന ചിത്രം യാത്ര മാസിക കവർ ചിത്രമാക്കിയപ്പോൾ ‘ഇന്ത്യൻ പരസ്യരംഗത്തെ ഓസ്‌കർ’ എന്നറിയപ്പെടുന്ന ആബിസ് പുരസ്‌കാരവും ശ്രീ ബുദ്ധ യാത്ര സാംസ്‌കാരിക സമിതിയുടെ 2020 ലെ മികച്ചവന്യജീവി ഫോട്ടോഗ്രാഫർ പുരസ്‌കാരവും ലഭിച്ചിട്ടുണ്. വന്യജീവികളെയും വനയാത്രകളെയും ഉൾചേർത്ത് രചിച്ച, ‘ കാടിന്റെ നിറങ്ങൾ ‘എന്ന അദ്ദേഹത്തിന്റെ പുസ്തകം രണ്ടാം പതിപ്പിലേക്ക് കടക്കുന്നു.
 ഒരു വന്യജീവി ഫോട്ടോഗ്രാഫർ ഒരിക്കലും ഫോട്ടോയെടുക്കാനായി കാടുകയറുന്നയാളല്ല. മറിച്ചു വനയാത്രയിൽ ആകസ്മികമായി ചിത്രങ്ങൾ പിറവിയെടുക്കുകയാണ്. ഓരോ കാടുകയറ്റവും കണ്ണും കാതും മനസ്സും ശരീരവും കാടിന്നർപ്പിച്ച് വ്രതവിശുദ്ധമായ മനസ്സോടെയാവണം .ഫോട്ടോ എടുക്കാനുള്ള ജീവിയുടെ ആവാസവ്യവസ്ഥ, സ്വഭാവസവിശേഷതകൾ, പ്രജനന രീതികൾ എന്നിവയെ കുറിച്ചുള്ള ധാരണവേണം അസാമാന്യമായ ഗതിവേഗവും ഹാബിറ്റാറ്റ് ഷോട്ടുകൾപകർത്താനാവശ്യമായ ശ്രദ്ധയും വേണം. കലയിലെ കൈയടക്കവും തപസ്സിലെ അച്ചടക്കവും പുലർത്തുന്ന ഒരു വന്യ ജീവി ഫോട്ടോഗ്രാഫർക്ക് മുൻപിൽ കാട് അതിന്റെ ഹൃദയവാതിലുകൾ തുറന്നുതരും
Share

Leave a Reply

Your email address will not be published. Required fields are marked *