കോഴിക്കോട്: സ്വയം ആവിഷ്‌ക്കാരത്തിന്റെ ത്വരയാണ് ലതാലക്ഷ്മിയുടെ എഴുത്തെന്നും ഇതിവൃത്തങ്ങളെ പൊളിച്ചെഴുതിയ എഴുത്തുകാരിയാണെന്നും കെ പി രാമനുണ്ണി പറഞ്ഞു. ലതാലക്ഷ്മിയുടെ കവിതാ സമാഹാരമായ വ്രണിത പ്രണയിത അളകാപുരിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു രാമനുണ്ണി . കഥാകാരിയായിരിക്കുമ്പോഴും കവി മനസ്സ് അവർക്കുണ്ട്. സ്വത്വത്തിന്റെ യഥാർത്ഥ പൊളിച്ചെഴുത്ത് കവിതകളിലുണ്ട്. സ്വത്വ പ്രകാശനം അപ്രകാരം ആത്മ പ്രകാശപരമായ ധിക്കാരമാണ്. മലയാളികൾ എന്തെങ്കിലും സാഹിത്യ രൂപത്തിൽ ഒതുങ്ങി നിൽക്കുന്നവരാണ്. ഇത് ആധുനികതയുടെ ബാധ മലയാളിക്കുള്ളത്‌കൊണ്ടാണ്. ഏതെങ്കിലും വിഷയത്തിൽ സ്‌പെഷ്യലൈസ് ചെയ്യുക എന്നത് മലയാളിയുടെ പ്രത്യേകതയാണ്. ലോകത്ത് അപമാനവികത നിർമ്മിച്ചത് സ്‌പെഷലൈസേഷനാണ്. സ്‌പെഷലൈസേഷൻ മാനവികതയെ ഇല്ലാതാക്കും. പഠിച്ചതിൽ മാത്രം ഒതുങ്ങുമ്പോൾ മാനവികത നഷ്ടമാകും. സ്‌പെഷലൈസേഷൻ മനുഷ്യന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. ഇവിടെ ഉൽപാദനം കൂടും. മനുഷ്യൻ യന്ത്ര സമാനരാകുമ്പോൾ സർഗ്ഗാത്മക സംതൃപ്തി നശിക്കും. സ്‌പെഷലൈസേഷനെ ലതാ ലക്ഷ്മി ധിക്കരിക്കുകയാണ്. അവർ നോവലിസ്റ്റും, കഥാകാരിയുമായിരിക്കുമ്പോൾ കവി കൂടിയായി മാറുകയാണ്. ലതാലക്ഷ്മി സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞ ഫെമിനിസ്റ്റ് കവിയാണ്. സ്‌ത്രൈണഭാവം കയ്യൊഴിയാതെ സത്രീത്വത്തെ കണ്ടെത്തുകയാണ് വേണ്ടത്. റാഡിക്കൽ ഫെമിനിസ്റ്റുകൾ പോലും ഇതുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളിൽ ആർത്തവമടക്കമുള്ളവയെ ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതാ സമാഹാരം പ്രമുഖ നോവലിസ്റ്റ് ഷീലാ ടോമി ഏറ്റുവാങ്ങി. കവി പി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കെ.രേഷ്മ (കേരള എഡ്യൂക്കേഷൻ കൗൺസിൽ ), കെ. നജ്മ ( കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ) ആശംസകളർപ്പിച്ചു.. ലതാ ലക്ഷ്മി മറുമൊഴി നടത്തി. ദർശനം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ടി.കെ. സുനിൽകുമാർ സ്വാഗതവും സെക്രട്ടറി എം.എ. ജോൺസൺ നന്ദിയും പറഞ്ഞു.