കോഴിക്കോട് :നഗരത്തിന്റെ തെരുവീഥിയിലൂടെ റഫി ഗാനങ്ങൾ ആലപിച്ച് കടന്ന് വന്ന പാട്ടു വണ്ടിയ്ക്ക് സ്‌നേഹത്തിന്റെ കയ്യൊപ്പുമായി ആരാധകർ ചുറ്റും കൂടി. വിശ്വ ഗായകൻ മുഹമ്മദ് റഫിയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകാൻ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് റഫി ഫാൻസ് നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് പാട്ട് വണ്ടി സംഘടിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ 12 പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് റഫി ഗാനങ്ങൾ പാടിയാണ് ഒപ്പ് ശേഖരണം നടത്തിയത്. രാവിലെ കിഡ്‌സൺ കോർണറിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻറ് എം ഫിറോസ് ഖാൻ പാട്ട് വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ക്യാമ്പയിൻ ചെയർമാൻ ടി പി എം ഹാഷിർ അലി അധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ നാഷണൽ കമ്മിറ്റി നിരീക്ഷകൻ ജയചന്ദ്രമേനോൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ആർ ജയന്ത് കുമാർ, കെ കെ ചന്ദ്രഹാസൻ, പി പ്രകാശ്, എൻ സി അബ്ദുല്ലക്കോയ എന്നിവർ സംസാരിച്ചു. വൈകീട്ട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങിൽ ഡോ. മെഹ്‌റൂഫ് രാജ് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് റഫി ഫൗണ്ടേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി റാലിയിൽ കൂടുതൽ ജന പങ്കാളിത്വം കൊണ്ട് വന്ന മികച്ച സംഘടനയ്ക്കുള്ള സമ്മാനം വിതരണം ചെയ്തു. ടി പി എം ഹാഷിർ അലി, വിനീഷ് വിദ്യാധരൻ, എ പി അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.