കോഴിക്കോട്: ഡമോക്രാറ്റിക് ട്രാൻസ്‌ജെൻഡേഴ്‌സ് ഓഫ് കേരള ജില്ലാ കൺവെൻഷൻ 18ന് ഉച്ചക്ക് 1.30ന് സരോജ് ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ ചികിത്സ, സ്വയം തൊഴിൽ, സ്‌കോളർഷിപ്പ്, പോസ്റ്റൽ സൗകര്യം എന്നീ കാര്യങ്ങളിൽ സഹായകരമായ നിലപാട് എടുക്കുന്നുണ്ടെങ്കിലും ഭവന പദ്ധതിയടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പരിഗണന വേണമെന്നവർ ആവശ്യപ്പെട്ടു. ചെറിയ മാസ ശമ്പളത്തിൽ ജോലി ചെയ്ത്, വീട് വാടക കൂടി നൽകുമ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം നേരിടുകയാണ്. ലൈഫ് പോലുള്ള പദ്ധതികളിൽ സിംഗിളായി പോകുന്നത് കൊണ്ട് പരിഗണന ലഭിക്കാതെ പോകുകയാണ്. സ്വന്തമായി ഭവനമില്ലാത്തതാണ് തങ്ങൾ നേരിടുന്ന വലിയ പ്രശനമെന്നവർ ചൂണ്ടിക്കാട്ടി. മതസംഘടനകൾ, ചാരിറ്റി പ്രസ്ഥാനങ്ങൾ ദുർബല വിഭാഗങ്ങൾക്ക് ഭവനം നിർമ്മിച്ച് നൽകുമ്പോൾ തങ്ങളെയും പരിഗണിക്കണമെന്നവർ അഭ്യർത്ഥിച്ചു. ജില്ലാ കൺവെൻഷനിൽ വെച്ച് പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കും. ജില്ലയിൽ 350ലധികം പേരുണ്ട്. ഇവരെയെല്ലാം സംഘടനയ്ക്ക് കീഴിലാക്കി പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നവർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ നഗ്മസുസ്മി, അനുപ്രമോദ്, അനുരാധ കാഞ്ചന, അനാമിക എന്നിവർ പങ്കെടുത്തു.