മുഖ്യമന്ത്രി ഇടപെട്ട് ഹർഷിനക്ക് നീതി ലഭ്യമാക്കണം രാഹുൽ ഗാന്ധി

മുഖ്യമന്ത്രി ഇടപെട്ട് ഹർഷിനക്ക് നീതി ലഭ്യമാക്കണം രാഹുൽ ഗാന്ധി

കോഴിക്കോട് : നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ ഉറപ്പിന്റെ കരുത്തിൽ ഹർഷിനയും കുടുംബവും. സഹന സമരത്തിന്റെ 84-ാം ദിവസമാണ് രാഹുൽ ഗാന്ധിയെ കണ്ട് ഹർഷിനയും കുടുംബവും തങ്ങളുടെ ദുരിതവും നിസഹായതകളും വിവരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടങ്ങിയ കൃതികയുമായി 5 വർഷത്തോളം താൻ അനുഭവിച്ച ദുരിതത്തെ കുറിച്ചും ഇപ്പോൾ നീതി തേടി സമരം തുടങ്ങിയപ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന അവഗണനയെ കുറിച്ചും ഹർഷിന പറഞ്ഞപ്പോൾ എഐസിസി ജന. സെക്രട്ടറി കെ.സി.വേണുഗോപാൽ ഇതെല്ലാം രാഹുൽഗാന്ധിക്ക് വിശദീകരിച്ചു കൊടുത്തു. വിവരങ്ങൾ കേട്ട രാഹുൽ ഗാന്ധി ഹർഷിനയെയും ഭർത്താവിനെയും കുട്ടികളെയും ചേർത്തു പിടിച്ചു ആശ്വാസം പകർന്നു. സഹന സമരം നടത്തുന്ന വനിതയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഇടപെട്ട് നീതി ലഭ്യമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇതെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് വൈത്തിരി വില്ലേജിൽ വച്ചാണ് ഹർഷിനയും കുടുംബവും സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണക്കും കൺവീനർ മുസ്തഫ പാലാഴിക്കും ഒപ്പം രാഹുൽഗാന്ധിയെ കണ്ടത്. കൂടിക്കാഴ്ചയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റുമാരായ കെ.പ്രവീൺകുമാർ, എൻ.ഡി.അപ്പച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചും രാഹുൽ ഗാന്ധി ഹർഷിനയോട് ചോദിച്ചറിഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *