മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം
ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് ഒരുപടികൂടി അടുത്തു. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായെന്ന് ഐഎസ്ആർഒ (ഇസ്റോ) അറിയിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.
ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കുമെന്നും ഇസ്‌റോ അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് 17ന് വിക്രം ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും. ഓഗസ്റ്റ് 23ന് വൈകീട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ് നടക്കുക. തുടർന്ന് ലാൻഡറും ലാൻഡറിനുള്ളിൽനിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനിൽ പര്യവേക്ഷണം നടത്തും.