ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പി.എൻ.പണിക്കർ പുരസ്‌കാരം ദർശനത്തിന്

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പി.എൻ.പണിക്കർ പുരസ്‌കാരം ദർശനത്തിന്

കോഴിക്കോട്: വിദേശ ഇന്ത്യക്കാരുടെ നന്മയ്ക്കും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ ഈ വർഷത്തെ നൂതനാശയത്തിനുള്ള പി.എൻ.പണിക്കർ പുരസ്‌കാരത്തിന് കോഴിക്കോട് ദർശനം സാംസ്‌കാരിക വേദി തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവും ശിൽപവുമടങ്ങിയതാണ് പുരസ്‌കാരം. 20ന് (ഞായർ) അളകാപുരിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.
ഓൺലൈനിലൂടെ വായന ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ദർശനം ഓൺലൈൻ വായനാമുറി എന്ന നൂതന ആശയത്തിന് രൂപം കൊടുക്കുകയും ഈ ദൗത്യം വിജയകരമാക്കുകയും പ്രശംസയാർജ്ജിക്കുകയും ചെയ്തതിനാണ് ദർശനം സാംസ്‌കാരിക വേദി പുരസ്‌കാരത്തിനർഹരായിരിക്കുന്നത്. കോവിഡ് കാരണം ലോക ജനത മുറിക്കുള്ളിലേക്ക് ഒതുങ്ങിയപ്പോൾ അവരെ ഒറ്റപ്പെടലിൽ നിന്നും മോചിപ്പിക്കാനും മാനസികമായി ഉത്തേജിപ്പിക്കാനുമാണ് 2020 ആഗസ്റ്റ് 15ന് ദർശനം ഓൺലൈൻ വായനാമുറി തുടങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് സ്മാർട്ട് ഫോണുകളിൽ വായിച്ചു തീർക്കാവുന്ന കഥകളും ലേഖലനങ്ങളുമെല്ലാം സൗജന്യമായി ലഭ്യമാക്കുന്ന ഈ സംരംഭം മൂന്ന് വർഷങ്ങൾക്കിപ്പുറവും കൂടുതൽ ജനകീയമായി തുടർന്നു വരികയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷവും വായനക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് പുതിയ പുസ്തകങ്ങൾ വായനാമുറിയിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയെല്ലാം രചനകൾ വായനാ മുറിയിൽ ഇപ്പോഴും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം നടത്തുന്ന പ്രതിദിന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് മലയാള സാഹിത്യകാരന്മാർ കൈയൊപ്പ് ചാർത്തിയ പുസ്തകങ്ങൾ സമ്മാനമായി നൽകുകയും ചെയ്യുന്നുണ്ട്.
വിദേശ ഇന്ത്യക്കാരുടെ നന്മക്കും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക, ആതുര സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന ആശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്ന അന്തർദേശീയ സംഘടന പ്രവർത്തിക്കുന്നത്. പുരസ്‌കാര ദിനമായ 20ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ നോർത്ത് കേരള ചാപ്റ്റർ ഉദ്ഘാടനവും നടക്കും.
വൈകിട്ട് 3 മണിക്ക് കോഴിക്കോട് അളകാപുരിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ.ബൈജുനാഥ് ഉദ്ഘാടനവും പുരസ്‌കാര ദാനവും നിർവ്വഹിക്കും. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡണ്ട് പ്രൊഫ.കെ.പി.മാത്യു (ടെക്‌സാസ്) മുഖ്യാതിഥിയായിരിക്കും.
വാർത്താസമ്മേളനത്തിൽ പ്രൊഫ.വർഗ്ഗീസ് മാത്യു, ആറ്റക്കോയ പള്ളിക്കണ്ടി, അഡ്വ.ജലീൽ ഓണാട്ട്, മുരളി ബേപ്പൂർ പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *