കോഴിക്കോട്: അധികാര രാഷ്ട്രീയത്തിന്റെ മേൽക്കോയ്മയിൽ രാജ്യത്തിന്റെ പൈതൃകത്തെ തകർത്തുകൊണ്ട് സംഘ്പരിവാർ നടപ്പിലാക്കുന്ന നിയമങ്ങളെ ചെറുക്കുന്നതിനും രാഷ്ട്രത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കുന്നതിനും മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് മതേതര കൂട്ടായ്മയിൽ മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ നാളെ വൈകുന്നേരം 4മണിക്ക് എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ രാഷ്ട്ര രക്ഷാ സംഗമം ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൗലികാവകാശത്തിന്റെ ലംഘനമായി ഏക സിവിൽ കോഡ് കൊണ്ട് വരാനുള്ള കേന്ദ്ര സർക്കാർ നീക്കം, മണിപ്പൂരിലും ഹരിയാനയിലും തുടരുന്ന വംശഹത്യ, ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ ഫാഷിസ്റ്റ് നീക്കങ്ങൾക്കെല്ലാം പ്രതിരോധ സന്ദേശമാണ് രാഷ്ട്ര രക്ഷാ സംഗമം മുന്നോട്ട് വെക്കുന്നതെന്നവർ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ ശാഖകളിലും രാവിലെ 8 മണിക്ക് പതാക ഉയർത്തുകയും ഫ്രീഡം സ്വീറ്റ് നടത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറുകയും ചെയ്യും. 4 മണിക്ക് നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുക്കും. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷത വഹിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. ഡോ.എം.കെ.മുനീർ എം.എൽ.എ, അഡ്വ.പി.ടി.എ.റഹീം എം.എൽ.എ, വി.എം.ഉമ്മർ മാസ്റ്റർ, കെ.ബാബു പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ സയ്യിദ് ടി.പി.സി തങ്ങൾ, നാസർ ഫൈസി കൂടത്തായി, അബ്ദുൽ ലത്തീഫ് കുട്ടമ്പൂർ, അബ്ദുൽ ഖാദർ കൊളത്തറ പങ്കെടുത്തു.