കോഴിക്കോട്: പട്ടികജാതി ജന വിഭാഗത്തെ പിന്നണിയിൽ നിന്ന് മുന്നിലെത്തിക്കാൻ പോരാടിയ യോദ്ധാവായിരുന്നു കെ.എം.രാമനെന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു. ഭാരതീയ പട്ടികജാതി
ജന സമാജം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എം. രാമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചാരുകസേരയിലിരുന്ന് പൊതു പ്രവർത്തനം നടത്തിയാൽ ജനസേവനമാവില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. മാറിമാറി വന്ന സർക്കാരുകൾക്കൊന്നും പട്ടികജാതി വിഭാഗത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ ഭൂമി വൻകിടക്കാർ കയ്യടക്കി വെച്ചിരിക്കുകയാണ്. കിടപ്പാടത്തിന് വേണ്ടി സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും കാത്തിരിക്കുകയാണെന്നവർ ചൂണ്ടിക്കാട്ടി. അയ്യൻകാളിയും, കെ.എം.രാമനും നടത്തിയ പോരാട്ടം ഇനിയും തുടരണമെന്നും അവർ കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ എ.കെ.അറുമുഖൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എം.കെ.അയ്യപ്പൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ ബാബുമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എം.സത്യൻ സ്വാഗതവും, കെ.ദാസൻ കൊടിയത്തൂർ നന്ദിയും പറഞ്ഞു. വി.പി.ദേവി, കെ.ടി.പ്രേമരാജൻ, പി.കെ.അജിത്ത്കുമാർ, രാമദാസ് വേങ്ങേരി, ഷൈജു കാവനത്തിൽ, കെ.എസ്.അനിൽകുമാർ, പി.കെ.പത്മനാഭൻ, എം.എം.രാഘവൻ, വിജയൻ വയനാട്, പി.ബി.ശ്രീധരൻ, സി.ബാബു, കെ.സി.പുഷ്പരാജ് സംസാരിച്ചു. പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.