കോഴിക്കോട്: ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പ്രവർത്തിച്ചു വരുന്ന അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ചെയർമാൻ ഡോ. എം.എം ബഷീർ, എക്സിക്യുട്ടീവ് സെക്രട്ടറി ആദിൽ സി.ടി, ട്രസ്റ്റ് അംഗം സി.ടി അബ്ദുറഹ്‌മാൻ എന്നിവർക്കെതിരെ ട്രസ്റ്റ് അംഗം സുബൈർ എസ് ആണ് പരാതി നൽകിയത്. ട്രസ്റ്റിന്റെ വരവ് ചിലവുകളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വരവ് ചെലവ് കണക്കുകൾ ട്രസ്റ്റ് അംഗങ്ങളെ ബോധ്യപ്പെടുത്തുന്നില്ലെന്നും കണക്കുകൾ ആവശ്യപ്പെടുമ്പോൾ ഒഴിഞ്ഞുമാറുകയും ശത്രുത മനോഭാവത്തോടെ പെരുമാറുകയുമാണെന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ച പരാതിയിൽ പറയുന്നു.
2019 മുതൽ അധികാരമേറ്റ പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ട്രസ്റ്റിന് കളങ്കമുണ്ടാക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. പരാതി ഫയലിൽ സ്വീകരിച്ച കോടതി പോലീസിനോട് കേസ് എടുത്ത് അന്വേഷണം നടത്താനാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.