1000 ജനശ്രീ ഗൃഹ സദസ്സുകൾ 20ന്
കോഴിക്കോട്: ജനശ്രീ സുസ്ഥിര മിഷൻ ജില്ലാ കമ്മിറ്റിയുടെ ലഹരിക്കെതിരായ ജനകീയ കാമ്പയിന്റെ ഭാഗമായി ‘ലഹരിയില്ലാത്ത പുലരി’ എന്ന സന്ദേശവുമായി 20ന് ആയിരം ഗൃഹ സദസ്സുകൾ നടത്തുമെന്ന് ജനശ്രീ ജില്ലാ ചെയർമാൻ എൻ.സുബ്രഹ്‌മണ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പേരാമ്പ്ര ചേനോളിപ്പൊയിൽ ജനശ്രീ സംഘത്തിൽ കെ.കെ.രമ എം.എൽ.എ ജില്ലാതല ഉൽഘാടനം നിർവ്വഹിക്കും. കലാപരിപാടികളും നടക്കും. ജില്ലയിലെ പ്രമുഖ കലാ സാംസ്‌കാരിക പത്ര പ്രവർത്തകർ ഗൃഹ സദസ്സുകളിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
കുട്ടികളെ വലവീശുന്ന ലഹരി സംഘങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കുട്ടികളെ കൊണ്ടുതന്നെ പ്രതിരോധം തീർക്കുക എന്നുള്ളതാണ് ലഹരിയില്ലാത്ത പുലരിയിലൂടെ ജനശ്രീ ലക്ഷ്യം വെക്കുന്നത്. പ്രദേശത്തെ ഒരു വിദ്യാർത്ഥിയായിരിക്കും ഗൃഹസദസ്സ് ഉദ്ഘാടനം ചെയ്യുക. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പരമാവധി പങ്കെടുപ്പിക്കും. ഗൃഹ സദസ്സുകളിൽ ലഹരിവിരുദ്ധ ക്ലാസുകൾ എടുക്കാനുള്ള റിസോഴ്‌സ് പേഴ്‌സൺ പരിശീലനം നടന്നുവരികയാണ്. ജനശ്രീ അംഗങ്ങളുടെ വീടുകളിൽ നാളെ ലഹരി വിരുദ്ധ ജ്വാല തെളിയിക്കും. തുടർന്നുള്ള മാസങ്ങളിൽ കുട്ടികൾക്ക് നൈപുണ്യ വികസന ക്യാമ്പുകളും സന്തുഷ്ടമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കാനുള്ള കുടുംബ സദസ്സുകളും നല്ല രക്ഷിതാവ് ആവാനുളള ക്ലാസുകളും വിവിധ തലങ്ങളിൽ നടക്കും.
പത്രസമ്മേളനത്തിൽ സെക്രട്ടറി ഇ.എം.ഗിരീഷ് കുമാർ, കോർഡിനേറ്റർ കെ.പി.ജീവാനന്ദ്, ജില്ലാ ട്രഷറർ ശ്രീജാ സുരേഷും പങ്കെടുത്തു.