കൊച്ചി: വൈദ്യുതി ബില്ലിലെ കുടിശ്ശിക മുടങ്ങിയതിൻറെ പേരിൽ ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി. എറണാകുളം കറുകപ്പിള്ളി ജലസേചന പദ്ധതി രണ്ടാഴ്ച മുടങ്ങിയതോടെ ഐക്കരനാട്, പുത്തൃക്ക പഞ്ചായത്തിലെ നാട്ടുകാർ പ്രതിസന്ധിയിലാണ്. ഫണ്ട് ലഭ്യമാകാത്തതിനാൽ പല സ്ഥലങ്ങളിലും കുടിശ്ശിക ഉണ്ടെന്നും പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല ഇടപെടൽ ആരംഭിച്ചതായും ജലസേചന വകുപ്പ് പ്രതികരിച്ചു. എറണാകുളം കോലഞ്ചേരി മേഖലയിലെ പ്രധാന ജലസേചന പദ്ധതിയായ കറുകപ്പിള്ളി പമ്പിംഗ് ആണ് മുടങ്ങിയത്. മാസങ്ങളായി ജലസേചന വകുപ്പ് കുടിശ്ശിക വരുത്തിയതോടെ കെ എസ് ഈ ബി ഫ്യൂസ് ഊരിയതാണ് കാരണം. മൂവാറ്റുപുഴയാറിന് തീരത്തെ പ്രധാന ജലസേചന പദ്ധതിയാണിത്. വേണ്ടത്ര മഴുയും ലഭ്യമല്ലാത്തതിനാൽ ഈ പ്രദേശങ്ങളിലെ വിളകളും ഉണങ്ങി നശിക്കാൻ തുടങ്ങിയെന്ന് കർഷകർ പറയുന്നു. പലതവണ നോട്ടീസ് നൽകിയിട്ടും അനുകൂലനടപടി ഇല്ലാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയതെന്നാണ് കെ എസ് ഈ ബിയുടെ വാദം. കുടിശ്ശിക കുന്നുകൂടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കെ എസ് ഈ ബിയുടെ നിലപാട്.