ദില്ലി: മണിപ്പൂരിൽ കലാപം അവസാനിപ്പിക്കൻ പ്രധാനമന്ത്രിക്ക് താത്പര്യമില്ലെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം. രണ്ട് ദിവസംകൊണ്ട് സൈന്യത്തിന് അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നമായിരുന്നു മണിപ്പൂരിലെന്നും അവിടെ ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നടത്തിയ അവിശ്വാസ പ്രമേയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചത്.
മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോൺഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.