തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന്് പുതുപ്പള്ളിയിൽ നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെനാളെ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് ആദ്യം പരിഗണിച്ചിരുന്നെങ്കിലും. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിൻറെ പേര് തന്നെപരിഗണിക്കുകയായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സ്ഥാനാർത്ഥി നിർണയത്തിൽ ജെയ്ക്കിന് അനുകൂല ഘടകമായി. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകൾ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.