കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62ാമത് സംസ്ഥാന സുബ്രതോ കപ്പ് ചാംപ്യന്‍ഷിപ്പിന് 11 മുതല്‍ മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാവിലെ 10ന് ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കോര്‍പറേഷന്‍ വിദ്യാഭ്യാസ, കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖയുടെ അധ്യക്ഷതയില്‍ മേയര്‍ ഡോ: ബീന ഫിലിപ്പ് നിര്‍വഹിക്കും. സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍.എല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍.സി സ്വാഗതം പറയും.
കോഴിക്കോട് മെഡിക്കല്‍ കോളജ് സ്‌റ്റേഡിയം, ദേവഗിരി കോളേജ് സ്‌റ്റേഡിയം എന്നീ വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 448 കായികതാരങ്ങളും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 224 കായികതാരങ്ങളുമാണ് പങ്കെടുക്കുന്നത്. മത്സരം നിയന്ത്രിക്കുന്നത് 50ഓളം ഒഫീഷ്യല്‍സാണ്. ജില്ലാ ടീമുകള്‍ക്കുള്ള താമസ സൗകര്യം കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബീലൈന്‍ പബ്ലിക് സ്‌കൂള്‍, പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി സജ്ജമാക്കിയിട്ടുണ്ട്. മത്സരങ്ങള്‍ 14ാം തിയതി സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍.സി, സംസ്ഥാന സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍, റവന്യൂ സെക്രട്ടറി സുബൈര്‍ ടി.എം എന്നിവര്‍ പങ്കെടുത്തു.