കോഴിക്കോട്: പാറോപ്പടി സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്ന 15ാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 12ന് രാവിലെ 11 മണിക്ക് മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഫെറ ടി.പി വിശിഷ്ടാതിഥിയായിരിക്കും. സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഫാ. ബിജു ജോണ്‍ വെള്ളക്കട സി.എം.ഐ അധ്യക്ഷത വഹിക്കും. റവ. ഫ. ജോണ്‍ മണ്ണാറത്തറ സി.എം.ഐ (സ്‌കൂള്‍ പ്രിന്‍സിപ്പല്‍), റവ.ഫാ. അഗസ്റ്റിന്‍ കെ. മാത്യു സി.എം.ഐ (സ്‌കൂള്‍ മാനേജര്‍), റവ.ഫാ. മാത്യു കളപ്പുരയില്‍ സി.എം.ഐ (പ്രിന്‍സിപ്പല്‍, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍), പി.ജെ സണ്ണി (ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍), അഭിലാഷ് ഐ.പി (പി.ടി.എ പ്രസിഡന്റ്), ഫെനിഷ സന്തോഷ് (വാര്‍ഡ് കൗണ്‍സിലര്‍), ജോസ് സെബാസ്റ്റിയന്‍ (പ്രസിഡന്റ്, കോഴിക്കോട് ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍), ജോണ്‍സണ്‍ ജോസഫ് (സെക്രട്ടറി, ഡിസ്ട്രിക്റ്റ് ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍), ജോണ്‍സണ്‍ ജോസഫ് (സെക്രട്ടറി, ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍) എന്നിവര്‍ സംബന്ധിക്കും.
കേരളത്തില്‍ സ്‌കൂള്‍ തലത്തില്‍ അന്‍പതോളം ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വര്‍ഷംതോറും നടത്തപ്പെടുന്നുണ്ടെങ്കിലും മലബാര്‍ മേഖലയില്‍ ആദ്യമായി ആരംഭിച്ച ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണ് 2006ല്‍ ആരംഭിച്ച സില്‍വര്‍ഹില്‍സ് ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്. ഈ വര്‍ഷം നടക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗത്ത് ഇന്ത്യയിലെ മികച്ച 22 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ 16 പ്രമുഖ സ്‌കൂളുകള്‍ ആണ്‍കുട്ടികളുടെയും ആറ് പ്രമുഖ സ്‌കൂളുകള്‍ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ലീഗ് കം നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 12,13 തിയ്യതികളിലായി പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. മിനി ബോയ്‌സ് വിഭാഗത്തിന്റെ ഫൈനല്‍ മത്സരങ്ങള്‍ 14ന് വൈകീട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 14ന് രാവിലെയും സെമി ഫൈനല്‍ മത്സരങ്ങള്‍ 14ന് ഉച്ചകഴിഞ്ഞും ഫൈനല്‍ മത്സരങ്ങള്‍ 15ന് രാവിലെ 8.30 മുതലും നടക്കും. 15ലെ ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം രാവിലെ 11.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി. ശശിധരന്‍ വിശിഷ്ടാതിഥിയാവും.
കേവല മത്സരാത്മകതയ്ക്കപ്പുറം നന്മയുടെയും സ്‌നേഹത്തിന്റെയും ആര്‍ദ്രസ്പര്‍ശമായി ഈ ടൂര്‍ണമെന്റ് മാറുമ്പോള്‍ ‘ ഒരു ലക്ഷ്യം ഒരു ലോകം’ എന്ന സന്ദേശം വിളിച്ചോതി വൈവിധ്യങ്ങളാഘോഷിക്കുന്ന ഐക്യത്തിന്റെ ലോകത്തിനായി കളിക്കളം ഒരുക്കുകയാണ്. ടൂര്‍ണമെന്റിന്റെ സന്ദേശം പൊതുസമൂഹത്തിലെത്തിക്കാന്‍ 11ന് രാവിലെ 8.45ന് ചേവായൂര്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍ നിന്നും സ്‌കൂള്‍ വരെ വിളംബരഘോഷ യാത്ര സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ മണ്ണാറത്തറ സി.എം.ഐ, മാനേജര്‍ റവ.ഫാ.അഗസ്റ്റിന്‍ കെ.മാത്യു സി.എം.ഐ, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റിയന്‍, പി.ടി.എ പ്രസിഡന്റ് അഭിലാഷ് ഐ.പി എന്നിവര്‍ പങ്കെടുത്തു.