തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി വെക്കാൻ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല. തുടർന്ന് പ്രമേയം പാസാക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. വോട്ടർ പട്ടികയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്നായിരുന്നു ഷഹബാസിന്റെ പരാതി.
ഹർജി പരിശോധിച്ച് തിരഞ്ഞെടുപ്പ് നിർത്തി വയ്ക്കാനും ഭരണഘടന ഹാജരാക്കാനും പ്രിൻസിപ്പൽ മുനിസിഫ് മജിസ്‌ട്രേറ്റ് ടി ആൻസി ഉത്തരവിട്ടെങ്കിലും ഓൺലൈൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോൺഗ്രസ് ഹാജരാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച ഹർജി പരാതിക്കാരൻ പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്.