ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സുദീർഘമായ മറുപടി പ്രസംഗത്തിന് പിന്നാലെയാണ് പ്രമേയം തള്ളിയത്. മോദിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
പ്രതിപക്ഷത്തെ വിമർശിച്ച് സംസാരിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. എന്നാൽ പ്രതിപക്ഷം പോയതിന് പിന്നാലെ പ്രധാനമന്ത്രി മണിപ്പൂർ വിഷയം സംസാരിച്ച് തുടങ്ങുകയും ചെയ്തു.
പറയുന്നത് കേൾക്കുവാനുള്ള ക്ഷമ പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മണിപ്പുരിൽ സമാധാനത്തിന്റെ സൂര്യനുദിക്കുമെന്ന് മറുപടി പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. അക്രമ സംഭവങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടമാകുകയും സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരകളാകുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്നോട്ടു പോകുകയാണ്. അവയുടെ ഫലമായി മണിപ്പുരിൽ സമാധാനത്തിന്റെ സൂര്യൻ ഉദിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂർത്തിയാക്കുന്നതുവരെയാണ് സസ്‌പെൻഷൻ.