ബംഗളൂരു: ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആശ്വാസം. ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണക്കോടതിയുടെ നടപടികളാണ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിനീഷിനെതിരായ ഇ.ഡിയുടെ കേസ് നിലനില്‍ക്കില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ല. നേരത്തേ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനീഷ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്.
കേസില്‍ 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വര്‍ഷത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ച് മാസത്തിന് ശേഷമാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് ഇ.ഡിക്ക് വേണ്ടി അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ലഹരികടത്ത് കേസിന്റെ ചുവടുപിടിച്ചായിരുന്നു പ്രതികളില്‍ ഒരാളായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തത്. ലഹരികടത്ത് കേസിലെ പ്രതികള്‍ക്ക് ബിനീഷ് സാമ്പത്തിക സഹായം നല്‍കുകയും അത് വഴി കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷക്കാലം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്നു.