കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി കോടഞ്ചേരി കൈതപൊയില്‍ മേഖലയില്‍ നടക്കുന്ന ജില്ലാതല മൗണ്ടെയിന്‍ സൈക്കിള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. കൈതപൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി സക്കീര്‍ ഹുസൈന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയായി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെംബര്‍ കെ.വി അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ ടി.എം അബ്ദുറഹിമാന്‍ മാസ്റ്റര്‍, പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി വൈസ് പ്രസിഡന്റ് കെ.എ ഐസക്ക് മാസ്റ്റര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒതയോത്ത് അഷറഫ്, പുതുപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ പോര്‍ത്താട്ടീസ്, പുതുപ്പാടി ഗവ. ഹൈസ്‌കൂള്‍ എച്ച്.എം.ഇ. ശ്യാം കുമാര്‍, ശ്രീജി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
എം.ഇ.എസ് സ്‌കൂള്‍ മാനേജര്‍ കെ.എം.ഡി മുഹമ്മദ് സ്വാഗതവും ബിജു വാച്ചാലില്‍ നന്ദിയും പറഞ്ഞു. വേങ്ങാത്തറമ്മല്‍ ടി.വി മായിന്‍ കുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയാണ് ചാംപ്യന്‍ഷിപ്പില്‍ ജില്ലയിലെ വിവിധ ക്ലബുകള്‍, സ്‌കൂളുകള്‍ ഉള്‍പ്പെട്ട 200 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. 65 പോയിന്റ് നേടി ചക്കാലക്കല്‍ സ്‌കൂള്‍ മുന്നിട്ട് നില്‍ക്കുന്നു. 25 പോയിന്റുമായി ഫാത്തിമ റഹിം സ്‌കൂള്‍ രണ്ടാം സ്ഥാനത്തും പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി മൂന്നാം സ്ഥാനത്തും മുന്നേറുന്നു.