ന്യൂഡൽഹി: തമിഴ്‌നാട് മന്ത്രിസഭയിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാരി പിടിച്ചു വലിച്ചത് മറന്നു പോയോ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെ ഡിഎംകെയെ കടന്നാക്രമിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
മണിപ്പൂരിലും ഡൽഹിയിലും രാജസ്ഥാനിലുമെല്ലാം സ്ത്രീകൾ ദുരിതമനുഭവിക്കുന്നുണ്ടെന്നത് ഞാൻ അംഗീകരിക്കുന്നു. അത് ഗൗരവമായി തന്നെ കാണണം. അതിൽ രാഷ്ട്രീയമുണ്ടാകില്ല. എന്നാൽ 1989 മാർച്ച് 25ന് തമിഴ്‌നാട് നിയമസഭയിൽ നടന്നൊരു സംഭവം സഭയെ ഓർമിപ്പിക്കുകയാണ്. അന്ന് ജയലളിത മുഖ്യമന്ത്രിയായിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്നു. അന്ന് ജയലളിതയുടെ സാരി പിടിച്ചുവലിച്ച സംഭവമുണ്ടായി. സഭയിൽ ജയലളിതയെ പരിഹസിക്കുകയും ചെയ്തു, നിർമ്മല പറഞ്ഞു.
‘കൗരവസഭയെക്കുറിച്ചും ദ്രൗപദിയെക്കുറിച്ചുമെല്ലാമാണ് ഡിഎംകെ സംസാരിക്കുന്നത്. എന്നാൽ ജയലളിതയുടെ സാരി പിടിച്ചുവലിച്ച സംഭവം നിങ്ങൾ മറന്നുപോയോ? അതിന് രണ്ടു വർഷത്തിന് ശേഷം അവർ മുഖ്യമന്ത്രിയായി സഭയിലെത്തുകയും ചെയ്തു’, നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.