മുംബൈ: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ആറ് ഘട്ടങ്ങളിലായി നടക്കും. ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വില്‍പന സംബന്ധിച്ച് വിവരങ്ങള്‍ ഐ.സി.സി പുറത്തുവിട്ടത്. ആഗസ്റ്റ് 25 ന് ആദ്യഘട്ട ടിക്കറ്റ് വില്‍പന ആരംഭിക്കും. എല്ലാ ഇന്ത്യ ഇതര മത്സരങ്ങളുടെയും ഇന്ത്യ ഇതര സന്നാഹ മത്സരങ്ങളുടെയും ടിക്കറ്റാണ് 25 മുതല്‍ ലഭിക്കുക.ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ക്കുള്ള (തിരുവനന്തപുരം, ഗുവാഹത്തി) ടിക്കറ്റുകള്‍ ആഗസ്റ്റ് 30-ന് ആരംഭിക്കും. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ആഗസ്റ്റ് 31 മുതല്‍ ആരംഭിക്കും.
ഒക്ടോബര്‍ എട്ട് (ഓസ്ട്രേലിയക്കെതിരെ -ചെന്നൈ), ഒക്ടോബര്‍ 11 (അഫ്ഗാനിസ്ഥാനെതിരെ -ഡല്‍ഹി), ഒക്ടോബര്‍ 19 (ബംഗ്ലാദേശിനെതിരെ -പൂനെ) എന്നീ കളികളുടെ ടിക്കറ്റുകള്‍ 31 മുതല്‍ ലഭ്യമാകും.
ഒക്ടോബര്‍ 22 (ന്യൂസിലാന്റിനെതിരെ -ധര്‍മശാല), ഒക്ടോബര്‍ 29 (ഇംഗ്ലണ്ടിനെതിരെ -ലഖ്നൗ), നവംബര്‍ 2 (ശ്രീലങ്കക്കെതിരെ -മുംബൈ) മത്സരങ്ങളുടെ ടിക്കറ്റുകള്‍ സെപ്തംബര്‍ ഒന്നുമുതല്‍ ലഭിക്കും.
നവംബര്‍ അഞ്ച് (ദക്ഷിണാഫ്രിക്കക്കെതിരെ -കൊല്‍ക്കത്ത), നവംബര്‍ 12 (നെതര്‍ലാന്‍ഡിനെതിരെ -ബംഗളൂരു) എന്നീ കളികളുടെ ടിക്കറ്റുകള്‍ സെപ്തംബര്‍ നാലിന് ബുക്ക് ചെയ്യാം.
ഏറ്റവും അവസാനമാണ് ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകുക. ഒക്ടോബര്‍ 14-ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ സെപ്തംബര്‍ മൂന്നിനാണ് ബുക്കിങ് ആരംഭിക്കുക. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ സെപ്തംബര്‍ 15 ന് തുടങ്ങും.
https://www.cricketworldcup.com/register ടിക്കറ്റ് ലഭിക്കാനായി ആഗസ്റ്റ് 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാം.