അധിർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

അധിർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

ന്യൂഡൽഹി: കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ സഭാ നടപടികളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ അധിർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ നീളുമെന്നാണ് റിപ്പോർട്ടുകൾ.

അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് പ്രഹ്‌ളാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്‌സഭ ശബ്ദ വോട്ടോടെ അംഗീകരിക്കുകയായിരുന്നു. തുടച്ചയായി സഭാനടപടികൾ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്.

അവിശ്വാസ പ്രമേയ ചർച്ചയുടെ മൂന്നാം ദിവസം പ്രധാനമന്ത്രിക്കെതിരെ അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശങ്ങൾ ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു. ബിജെപി അംഗങ്ങൾ ഈ പരാമർശങ്ങളെ ശക്തമായി എതിർത്തിരുന്നു. അധിർ രഞ്ജൻ ചൗധരി മാപ്പ് പറയണമെന്ന പോയിന്റ് ഓഫ് ഓർഡറും സഭയിൽ പ്രഹ്‌ളാദ് ജോഷി ഉയർത്തിയിരുന്നു.

‘നീരവ് മോദി’ എന്ന കമന്റ് സഭയിൽ നടത്തിയതാണ് അധിർ രഞ്ജൻ ചൗധരിക്കെതിരെ ബിജെപി രംഗത്ത് വരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. മോദി മണിപ്പൂർ വിഷയത്തിൽ ‘നീരവ്’ ആണെന്നാണ് താൻ പറഞ്ഞതെന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ വാദം. നീരവ് എന്നാൽ ശുദ്ധമായ ഹിന്ദിയിൽ നിശബ്ദൻ എന്നാണ്. എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെങ്കിൽ എനിക്കൊന്നും ചെയ്യാനാവില്ല. എന്റെ ഭാഗത്ത് തെറ്റില്ല’; അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *