ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ കഴിഞ്ഞ ജൂലായ് 31ന് നടന്ന അക്രമസംഭവങ്ങളില്‍ വീഴ്ച സംഭവിച്ചതായി ഹരിയാന ഉപമുഖ്യമന്ത്രി. മതപരമായ ഘോഷയാത്രയ്ക്കിടെ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട നൂഹിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ ഭരണകൂടത്തിന് പിഴവ് സംഭവിച്ചതായി ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
3,200 പേര്‍ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് സംഘാടകര്‍ അനുമതി തേടിയിരുന്നതായും അതനുസരിച്ച് പോലിസ് സേനയെ വിന്യസിച്ചതായും അഡീഷണല്‍ ഡി.ജി.പി പറഞ്ഞതായി ചൗട്ടാല പറഞ്ഞു. സംഭവം നടന്ന ദിവസം നൂഹ് എസ്.പി അവധിയിലായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തെ സ്ഥലം മാറ്റി, അധിക ചുമതലയുള്ളയാള്‍ക്കും അനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും സംഭവം ശരിയായി വിലയിരുത്താന്‍ കഴിഞ്ഞില്ല. ഇത് ഇപ്പോള്‍ അന്വേഷണത്തിലാണ്, ഉപ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ഇപ്പോഴും ഗുരുതരമായി തുടരുന്ന ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റ് 11 വരെ നീട്ടി. ജൂലായ് 31 ന് നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായതാണ് കനത്ത വര്‍ഗീയ സംഘര്‍ഷത്തിന് വഴി തെളിച്ചത്. ആക്രമ സംഭവങ്ങളില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു മുസ്‌ലിം മതപണ്ഡിതനുമടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 312 പേരെ അറസ്റ്റ് ചെയ്യുകയും 142 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രസ്താവനയില്‍ പറഞ്ഞു.