ബാഗ്ദാദ്: ‘സ്വവര്‍ഗരതി’ എന്ന പദം ഉപയോഗിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇറാഖ്. ഇനി മുതല്‍ ‘സ്വവര്‍ഗരതി’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘ലൈംഗിക വ്യതിയാനം’ എന്ന് ഉപയോഗിക്കണമെന്നും ഇറാഖിന്റെ ഔദ്യോഗിക മീഡിയ റെഗുലേറ്റര്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ കമ്മീഷന്‍ (സിഎംസി) പ്രസ്താവനയില്‍ ‘ജെന്‍ഡര്‍’ എന്ന പദത്തിന്റെ ഉപയോഗവും നിരോധിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ലൈസന്‍സുള്ള എല്ലാ ഫോണ്‍, ഇന്റര്‍നെറ്റ് കമ്പനികളെയും അവരുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഈ വാക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
‘സ്വവര്‍ഗരതി’ എന്ന പദം ഉപയോഗിക്കരുതെന്നും ‘ലൈംഗിക വ്യതിയാനം’ എന്ന ശരിയായ പദം ഉപയോഗിക്കണമെന്നും റെഗുലേറ്റര്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അറബി ഭാഷയില്‍ എഴുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ചട്ടം ലംഘിച്ചാലുള്ള പിഴ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും, വൈകാതെ പിഴ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇറാഖ് സ്വവര്‍ഗ ലൈംഗികതയെ കുറ്റകരമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ ശിക്ഷാ നിയമത്തിലെ സദാചാര വ്യവസ്ഥകള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ലക്ഷ്യം വയ്ക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.