കോഴിക്കോട്: തന്റെ അഭൗമമായ ആലാപന ശൈലി കൊണ്ട് ഹിന്ദുസ്ഥാനി സംഗീതത്തെ ഉന്നതിയിലെത്തിച്ച അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം മരണാനന്തര ബഹുമതിയായി സമ്മാനിക്കണമെന്ന് കോഴിക്കോട്ടെ റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മ ആവശ്യപ്പെട്ടു. ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട്ട് ഗ്യാലറിയില്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് റഫി ഫൗണ്ടേഷന്‍ സ്ഥാപക സെക്രട്ടറി ടി.പി.എം ഹാഷിറലി അധ്യക്ഷത വഹിച്ചു. നൗഷാദ് അരീക്കോട് വിശദീകരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണന്‍ (ISC), കെ. സലാം (MAA), മോഹന്‍ മുല്ലമല (MWA), സന്നാഫ് പാലക്കണ്ടി(കല) മുര്‍ഷിദ് അഹമ്മദ് (MRF), ചന്ദ്രഹാസന്‍ (തംബുരു), ഷഫീഖ് (ഹമാരാ റഫി സാബ്), ഹാഷിം (MES), ആസിഫ് (ഖയാല്‍), റഹ്‌മത്ത് (മഴവില്‍ വസന്തം), ഗായകന്‍ ഫിറോസ്, ആര്‍.ജയന്ത് കുമാര്‍, ഫ്‌ളൂട്ടിസ്റ്റ് പി.എഫ് രാജു, പ്രകാശ് പോതായ, ഗായകരായ സജ്ജാദ്, കെ.റിയാസ് കിണശ്ശേരി എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് റഫിയുടെ ജന്മദിനത്തിന്റെ സെന്റിനറി ആഘോഷിക്കാന്‍ തുടങ്ങുന്ന ഈ വേളയില്‍ അതിനുള്ള അഖിലേന്ത്യാ തലത്തിലുള്ള കാംപയിന് തുടക്കമായി കഴിഞ്ഞതായി യോഗം ഉദ്ഘാടനം ചെയ്ത കാംപയിനിന്റെ നാഷനല്‍ ഒബ്‌സര്‍വറായ ജയചന്ദ്ര മേനോന്‍ അറിയിച്ചു. കാംപയിനിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് കിഡ്‌സണ്‍ കോണറില്‍ മുഹമ്മദ് റഫിയുടെ ആസ്വാദകരുടെയും സംഘടനകളുടെയും ഗാനസംഗമം നടത്താനും റഫി ഗാനങ്ങളുമായി ഒരു പാട്ടു വണ്ടിയില്‍ നഗരം ചുറ്റാനും വൈകിട്ട് 5 മണിക്ക് ബീച്ചില്‍ സമാപന ചടങ്ങ് നടത്താനും തീരുമാനിച്ചു. ടി.പി.എം ഹാഷിറലി ചെയര്‍മാനും ആര്‍. ജയന്ത് കുമാര്‍ ജനറല്‍ കണ്‍വീനറുമായി കാംപയിന്‍ കമ്മിറ്റി രൂപീകരിച്ചു. MRF വൈസ് ചെയര്‍മാന്‍ എന്‍.സി അബ്ദുള്ളക്കോയ സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.