ലഖ്നൗ: 1980ലെ മൊറാദാബാദ് വര്‍ഗീയ കലാപത്തിന് കാരണമെന്തെന്ന റിപ്പോര്‍ട്ട് 40 വര്‍ഷത്തിന് ശേഷം പുറത്ത്. കലാപത്തിന് കാരണം രണ്ട് മുസ്‌ലിം ലീഗ് നേതാക്കളെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് മഥുര പ്രസാദ് സക്സേന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച യു.പി നിയമസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആഗസ്റ്റ് 13ന് നടന്ന കലാപത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് നേതാക്കളായ ഡോ. ഷമീം അഹമ്മദും ഡോ. ഹമീദ് ഹുസൈനുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗീയ കലാപത്തില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കലാപം നിയന്ത്രിക്കാന്‍ പോലിസ് നടത്തിയ വെടിവയ്പ്പിനെയും കമ്മീഷന്‍ ന്യായീകരിച്ചു.
ഈദ് ദിനത്തില്‍ ഈദ്ഗാഹിലേക്ക് പന്നികളെ അഴിച്ചുവിട്ടുവെന്നും ഈദ്ഗാഹിലെ വെടിവയ്പ്പില്‍ ധാരാളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്നുമുള്ള കിംവദന്തി ഇവര്‍ മനഃപൂര്‍വം പ്രചരിപ്പിച്ചതാണ് കലാപത്തിന് കാരണമായതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കിംവദന്തി പ്രചരിച്ച ശേഷം പോലിസ് സ്റ്റേഷനുകള്‍ക്കും ആളുകള്‍ക്കും നേരെ ആക്രമണമുണ്ടാകുകയും എതിര്‍വിഭാഗത്തിന്റെ തിരിച്ചടിയുമായപ്പോള്‍ നഗരം വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് യു.പി നിയമസഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
അക്രമത്തില്‍ ആര്‍.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ പങ്കോ സാധാരണ മുസ്‌ലിംകളുടെ പങ്കോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടവും പോലിസും സംയമനം പാലിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. നാല് പതിറ്റാണ്ടിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. 1980 ആഗസ്റ്റ് 13ന് ശേഷവും കലാപം തുടര്‍ന്നു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടു. ഭൂരിഭാഗം ആളുകളും തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1980 ആഗസ്റ്റില്‍ ആരംഭിച്ച മൊറാദാബാദ് കലാപം 1981 ജനുവരി വരെ നീണ്ടു. അന്ന് വി.പി സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു ഭരിച്ചത്. കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി വി.പി സിങ് അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി എം.പി സക്സേനയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.