ഇംഫാല്‍: വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സുരക്ഷാ സേനകള്‍ തമ്മില്‍ ഭിന്നത പുറത്ത്. മ്യാന്‍മറില്‍ നിന്നുള്ള അഭ്യയാര്‍ഥികളെ മണിപ്പൂരിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച സംഭവത്തിന് പിന്നാലെ ആരംഭിച്ച ഭിന്നത അസം റൈഫിള്‍സിനെതിരേ കേസെടുക്കുന്നതിലേക്ക് എത്തി നില്‍ക്കുകയാണ്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മണിപ്പൂര്‍ പോലിസാണ് അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിനെതിരെ കേസെടുത്തിരിക്കുന്നത്.
അസം റൈഫിള്‍സിന്റെ ഒന്‍പതാമത് ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ ധിക്കാരപരമായി ഇടപെടുന്നു. കുക്കി വിഭാഗങ്ങളിലെ ആക്രമികള്‍ക്ക് സുരക്ഷിതമായ മേഖലകളിലേക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും മണിപ്പൂര്‍ പോലീസ് മുന്നോട്ട് വയ്ക്കുന്നു. ആഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂര്‍ മേഖലയിലെ ക്വാക്തയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മണിപ്പൂര്‍ പോലിസ് അസം റൈഫിള്‍സിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മണിപ്പൂരിലെ പ്രതികൂല സാഹചര്യങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നിരന്തരം പരിശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സുരക്ഷാ സേനാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് അസം റൈഫിള്‍സിന്റെയും ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് സൈന്യം ആരോപിപ്പു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അംസം റൈഫിള്‍സിന്റെ പ്രതികരണം. സുരക്ഷാ സേനകള്‍ തമ്മിലുണ്ടാകുന്ന ശത്രുതാപരമായ സാഹചര്യം നിരാശാജനകമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി. എല്ലാ തെറ്റിദ്ധാരണകളും ഉടനടി പരിഹരിക്കപ്പെടുമെന്നും അസം റൈഫിള്‍സ് ചൂണ്ടിക്കാട്ടി.