ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബി.ജെ.പി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങള്‍ അതിക്രമം നടത്തുമ്പോള്‍ ഭാരതമെന്ന മാതാവിനെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങള്‍. രാജ്യം മുഴുവന്‍ നിങ്ങള്‍ കത്തിക്കുകയാണ്. നിങ്ങള്‍ രാജ്യദ്രോഹികളാണ്’-രാഹുല്‍ പറഞ്ഞു.
അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല. കുറച്ചുദിവസം മുമ്പ് ഞാന്‍ മണിപ്പൂരില്‍ പോയിരുന്നു. അവിടെ ക്യാംപുകളില്‍ പോയി ഞാന്‍ സ്ത്രീകളോട് സംസാരിച്ചു, അവര്‍ പറഞ്ഞതൊക്കെ കേട്ടു. കുട്ടികളോട് സംസാരിച്ചു. മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാന്‍ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ തളര്‍ന്നുവീഴുകയാണ്.
പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞു, ഞാന്‍ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.