പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി ലാല്‍

പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി ലാല്‍

സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങുമ്പോള്‍ അത് മലയാള സിനിമാപ്രേമികളുടെ തന്നെ തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഭൗതികദേഹം ഇപ്പോള്‍ പള്ളിക്കരയിലെ വീട്ടിലാണുള്ളത്. അദ്ദേഹത്തെ അവസാനമായി കാണാന്‍ പ്രിയ സുഹൃത്ത് ലാല്‍ പള്ളിക്കരയിലെ വസതിയിലെത്തി. ഭാര്യ നാന്‍സിക്കൊപ്പമാണ് ലാല്‍ തന്റെ ആത്മമിത്രത്തെ കാണാനെത്തിയത്.

കൊച്ചിന്‍ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെയും ലാലിന്റെയും കലാജീവിതവും സൗഹൃദവും ആരംഭിക്കുന്നത്. സിനിമാ മോഹികളായ ഇരുവരും ചേര്‍ന്ന് സംവിധായകരോട് കഥപറഞ്ഞു കേള്‍പ്പിക്കുക എന്നത് ഒരു ഘട്ടത്തില്‍ ഇരുവരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ഇങ്ങനെ സംവിധായകന്‍ ഫാസിലിനോട് കഥപറയാന്‍ പോയതാണ് ഇരുവര്‍ക്കും വഴിത്തിരിവായത്. ഫാസിലിന്റെ സഹസംവിധായകരായാണ് സിദ്ദിഖ്-ലാലുമാര്‍ സിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്.

1986ല്‍ പുറത്തിറങ്ങിയ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ ആയിരുന്നു സിദ്ദിഖും ലാലും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. 1989ല്‍ ‘റാംജി റാവ് സ്പീക്കിങ്’ എന്ന സിനിമ റിലീസ് ചെയ്തയോടെ സിദ്ദിഖ്-ലാല്‍ മലയാളത്തിന്റെ ഭാഗ്യ കൂട്ടുകെട്ടായി. പിന്നീട് ‘ഇന്‍ ഹരിഹര്‍നഗര്‍’, ‘ഗോഡ്ഫാദര്‍’, ‘കാബൂളിവാല’ എന്നീ സിനിമകള്‍ ഈ ഹിറ്റ് കൂട്ടുകെട്ടില്‍ നിന്നുണ്ടായി.

തൊട്ടതെല്ലാം പൊന്നാക്കിയ ആ കൂട്ടുകെട്ട് കാബൂളിവാലയ്ക്ക് ശേഷം വേര്‍പിരിഞ്ഞു. മലയാള സിനിമയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയും ഞെട്ടലുമായിരുന്നു സിദ്ദിഖ്-ലാല്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത. എന്നാല്‍ ആ വേര്‍പിരിയലിന് ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകള്‍ ലാല്‍ തന്നെയാണ് നിര്‍മ്മിച്ചത് എന്നതും ആ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *