മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. വൈകാതെ തന്നെ സിബിഐ അന്വേഷണം ആരംഭിച്ചേക്കും. താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഇതൊരു കസ്റ്റഡി മരണം ആയതിനാലും പോലീസിന്റെ വീഴ്ചയായതിനാലും പോലീസിനെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തണം എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി അഭിപ്രായപ്പെട്ടിരുന്നു. പകരം സിബിഐ അല്ലെങ്കിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
സഹോദരന്‍റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഞങ്ങള്‍ നൂറ് ശതമാനം വിശ്വസിക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പൊലീസ് അല്ല എന്ന ഒരു സാമാന്യ ചിന്തയുടെ പുറത്താണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും ഹാരിസ് ജിഫ്രി ദിവസങ്ങൾക്ക് മുമ്പ് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്‌രി മരിച്ചത്.