ഡൽഹി: തക്കാളിക്ക് പിന്നാലെ ഉള്ളിക്കും വില കൂടിയേക്കുമെന്ന് റിപ്പോർട്ട്. ഉത്സവകാല സീസണിൽ വിലകൂടുമെന്നാണ് വിവരം. ഉള്ളിവില കിലോക്ക് 70 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സീസണിൽ ഉള്ളി കൃഷി നടത്തുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി കുറവായതിനാൽ ഉദ്പാദനം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഖാരിഫ്, അവസാന ഖാരിഫ്, റാബി എന്നീ സീസണുകളിലാണ് ഇന്ത്യയിൽ ഉള്ളി വിളയുന്നത്. ഉള്ളി ഉത്പാദനത്തിന്റെ സിംഹഭാഗവും നടക്കുന്നത് റാബി സീസണിലാണ്. മാർച്ച് മുതൽ സെപ്തംബർ വരെ രാജ്യത്ത് ഉപയോഗിക്കുന്നത് ഈ സീസണിൽ ഉത്പാദിപ്പിക്കുന്ന ഉള്ളിയാണ്. മാർച്ച് മാസത്തിലെ ഉയർന്ന വിൽപ്പന മൂലം റാബി ഉള്ളിയുടെ സ്റ്റോക്ക് ആഗസ്റ്റിൽ തന്നെ തീരുന്ന സ്ഥിതിയാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതാണ് വിലക്കയറ്റത്തിലേക്കും പൂഴ്ത്തിവെയ്പ്പിലേക്കും നയിക്കാനുള്ള കാരണമെന്നും വിലയിരുത്തപ്പെടുന്നു. തക്കാളിയുടെ വില രാജ്യത്ത് 100 രൂപ കടന്നിരുന്നു.