ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇന്ത്യ പാകിസ്താനെ തകർത്തത്. ഇതോടെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. ഈ മത്സരം സമനിലയായിരുന്നെങ്കിൽ പോലും പാകിസ്താന് സെമിയിൽ എത്താമായിരുന്നു.
ആദ്യ പകുതിയിൽ ഹർമൻപ്രീതിന്റെ രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിന്ന ഇന്ത്യ 36-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി. ജുഗ് രാജ് സിങാണ് ഗോൾ നേടിയത്. കളിയുടെ അവസാനഘട്ടത്തിൽ ആകാശ്ദീപ് സിങ് കൂടി ഗോൾ നേടിയതോടെ പാകിസ്താന്റെ പതനം പൂർത്തിയായി.
ഇന്ത്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ ടീമുകളാണ് സെമിയിലേക്ക് മുന്നേറിയത്. പാകിസ്താനും ജപ്പാനും അഞ്ച് വീതം പോയന്റാണുണ്ടായിരുന്നത്. എന്നാൽ കൂടുതൽ ഗോൾ വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. മികച്ച ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ജപ്പാൻ സെമിയിലേക്ക് മുന്നേറി.
സെമി ഫൈനലിൽ ഇന്ത്യ ജപ്പാനേയും മലേഷ്യ ദക്ഷിണ കൊറിയയേയും നേരിടും. ഓഗസ്റ്റ് 11-നാണ് മത്സരങ്ങൾ.