ഛണ്ഡീഗഡ്: നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ എന്നാരോപിച്ചായിരുന്നു വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് നേരെ ജില്ലാ ഭരണകൂടം നീക്കം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ ഇതുവരെ ആറ് ജീവന്‍ നഷ്ടപ്പെടുകയും നിരവധി വീടുകളും പള്ളികളും കടകളും കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മാതൃകയില്‍ ഹരിയാനയിലും ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ട് ദിവസം മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരുടെ കുടിലുകള്‍ പൊളിച്ചുനീക്കുന്നതിലേക്ക് കടന്നത്. മുന്‍കൂര്‍ നിര്‍ദേശങ്ങള്‍ പോലുമില്ലാതെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പലയിടത്തും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്. നൂഹിലും ഗുരുഗ്രാമിലും ആക്രമണ പരമ്പരകള്‍ അരങ്ങേറി ഒരാഴ്ചയ്ക്ക് ശേഷമാണ് കോടതി സ്വമേധയാ വിഷയം ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം നൂഹ് സന്ദര്‍ശിക്കാനെത്തിയ സി.പി.ഐയുടെ നാലംഗ പ്രതിനിധി സംഘത്തെ തടഞ്ഞുവച്ചത് വലിയ തര്‍ക്കത്തിനിടയാക്കിയിരുന്നു.” ഇതാണ് ജില്ലയിലെ ദുരവസ്ഥ, പോലിസുകാര്‍ നമ്മളെ അകത്തേക്ക് കടക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഇവിടെ ഗുണ്ടകള്‍ക്കും ഫാസിസ്റ്റുകള്‍ക്കും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാം” ബിനോയ് വിശ്വം എം.പി വിമര്‍ശിച്ചു. വര്‍ഗീയ കലാപം രൂക്ഷമായ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പലയിടത്തും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ചിലയിടങ്ങളില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കിയിരുന്നു.