എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് സൗഹൃദ നഗറിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബി.കെ ബീനാകുമാരി സ്ഥലംസന്ദര്‍ശിച്ചു. യാത്രാക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പൊതുപ്രവര്‍ത്തകന്‍ വാലയില്‍ ബെറാഖാ ഭവനില്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള ജൂണ്‍ 28ന് നല്‍കിയ ഹര്‍ജിയില്‍ കേസ് ഇന്ന് പരിഗണിക്കവേയാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
സാല്‍വേഷന്‍ ആര്‍മി പള്ളി – പൊയ്യാലുമാലില്‍ പടി റോഡിന്റെ കിഴക്കേ അറ്റം വരെ കാല്‍നടയായി സന്ദര്‍ശിച്ച് ഇരുവശത്തുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ കമ്മീഷന്‍ അംഗം തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ് കുമാറിനെ പ്രദേശത്ത് വിളിച്ചുവരുത്തി അടിയന്തരമായി നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു എബ്രഹാം, സൗഹൃദ വേദി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള, റോഡ് സമ്പാദക സമിതി രക്ഷാധികാരി തോമസ്‌ക്കുട്ടി പാലപറമ്പില്‍, കണ്‍വീനര്‍ മനോജ് മണക്കളം, ജേക്കബ് മാത്യം, പി.കെ ശുഭാനന്ദന്‍, കെ.കെ എബി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശദീകരിച്ചു.
നിലവിലുള്ള റോഡ് മൂന്ന് മീറ്റര്‍ വീതിയില്‍ നിര്‍മിക്കുവാന്‍ പ്രദേശവാസികള്‍ തയ്യാറായ സാഹചര്യത്തില്‍ റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ പഞ്ചായത്തിന്റെ ചിലവില്‍ മാറ്റി കൊടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ് കുമാര്‍ സംസ്ഥാന കമ്മീഷന്‍ അംഗം കെ.ബി ബീനാ കുമാരിയെ അറിയിച്ചു.
ഈ റോഡില്‍ 25-ലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത ശരീരം തളര്‍ന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉള്‍പ്പെടെ കിടപ്പു രോഗികളും ഇതില്‍ ഉള്‍പ്പെടും. വെള്ളപ്പൊക്കമുണ്ടായാല്‍ പാരേത്തോട് വട്ടടി റോഡില്‍ പോലും എത്താന്‍ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. ഓട്ടോറിക്ഷയില്‍ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡില്‍ എത്തുവാന്‍ സാധ്യമല്ല. ആഴ്ചകള്‍ക്ക് മുമ്പ് ഈ വഴിയില്‍ കുഴഞ്ഞുവീണ കര്‍ഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കല്‍ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നു മരണപ്പെട്ടു. ആംബുലന്‍സ് എത്തിയെങ്കിലും നാട്ടുകാര്‍ സ്‌ട്രെച്ചറില്‍ 700 മീറ്റര്‍ കിടത്തിയാണ് ആംബുലന്‍സില്‍ രോഗിയെ എത്തിച്ചത്.
ഈ റോഡില്‍ ചെറിയ മഴ ഉണ്ടായാലും വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് ഈ പ്രദേശത്ത് അനുഭവിക്കുന്നത്. വഴിവിളക്കുകള്‍ പോലും ഈ റോഡില്‍ ഇല്ല. വെള്ളപൊക്ക സമയത്ത് സൗഹൃദ നഗറില്‍ മടയ്ക്കല്‍ – മണ്ണാരുപറമ്പില്‍ പടി റോഡിന്റെ ചില ഭാഗങ്ങളില്‍ 4 അടിയോളം ഉയരത്തില്‍ വെള്ളമുണ്ടാകും. എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപെടുകയാണ്. നിലവിലുള്ള വഴികള്‍ മണ്ണിട്ട് ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ ആഴ്ച തോമസ് കെ. തോമസ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.