വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ദേശീയ വാസ്‌കുലര്‍ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോടുള്‍പ്പെടെ ഇന്ത്യയിലെ 26 നഗരങ്ങളില്‍ ‘പുഞ്ചിരിയോടെ ജീവിക്കാന്‍ ഒരു മൈല്‍ നടക്കുക’ എന്ന പ്രമേയവുമായി ബോധവല്‍ക്കരണം നടത്തുന്നതിനായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. കോഴിക്കോട് നടന്ന വാക്കത്തോണ്‍ മദ്രാസ് റെജിമെന്റ് 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ നവീന്‍ ബെഞ്ച് മാനാഞ്ചിറ സ്‌ക്വയറില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, റോട്ടറി കാലിക്കറ്റ്, ഹൈലൈറ്റ് സിറ്റി, അഹം ആരോഗ്യം എന്നിവയുമായി സഹകരിച്ച് മദ്രാസ് റെജിമെന്റ് 22ാം ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ പിന്തുണയോടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. അപകടസാധ്യത ഘടകങ്ങളെക്കുറിച്ചും ഭയാനകമായ കൈകാലുകള്‍ ഛേദിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള വഴികളെക്കുറിച്ചുമുള്ള സന്ദേശവുമായി പങ്കെടുത്തവര്‍ കോഴിക്കോട് നഗരത്തിന് ചുറ്റും മൂന്ന് കിലോമീറ്റര്‍ നടന്നു. പരിപാടിയുടെ ഭാഗമായി ‘ആമ്പ്യുട്ടേഷന് ഫ്രീ ഇന്ത്യ’ എന്നതിനെ പിന്തുണയ്ക്കുന്ന ഒപ്പ് കാമ്പെയ്നും നടത്തി.ഡല്‍ഹിയില്‍ നടന്ന പരിപാടി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രൊഫസര്‍ എസ്.പി സിംഗ് ബാഗേല്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തില്‍ കോഴിക്കോട് കൂടാതെ കൊച്ചിയിലും തിരുവനന്തപുരത്തും വാക്കത്തോണ്‍ സംഘടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ എന്ന കാഴ്ചപ്പാടിനെ പിന്തുടര്‍ന്ന് ആരോഗ്യ സംരക്ഷണം, ബോധവല്‍ക്കരണം, ലോവര്‍ ലിമ്പ് ആംബ്യുട്ടേഷന് കാരണമായേക്കാവുന്ന അവസ്ഥകള്‍ (പ്രമേഹം, പുകവലി, ഹൈപ്പര്‍ടെന്‍ഷന്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍) തടയുന്നതിനുള്ള സമയോചിതമായ ഇടപെടലുകള്‍ എന്നിവയില്‍ ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
നല്ല ജീവിതശൈലിയും സമയബന്ധിതമായ ചികിത്സയും സ്വീകരിക്കുന്നതിലൂടെ 90 ശതമാനത്തിലധികം അംഗഛേദങ്ങളും തടയാനാകുമെന്നും അതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്നും ചടങ്ങില്‍ സംസാരിച്ച സീനിയര്‍ വാസ്‌കുലര്‍ സര്‍ജനും വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ചീഫ് ഓര്‍ഗനൈസറുമായ ഡോ.സുനില്‍ രാജേന്ദ്രന്‍ പറഞ്ഞു. കേണല്‍ നവീന്‍ ബെന്‍ജിത്, ആര്‍.ഐ ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ റൊട്ടേറിയന്‍ സേതു ശിവശങ്കര്‍, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ: അബ്ദുള്ള ചെറിയക്കാട്ട്, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ വാസ്‌കുലര്‍ സര്‍ജറി എച്ച്.ഒ.ഡി ഡോ: സുനില്‍ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.