സിഡ്‌നി: 2023 ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ക്വാർട്ടർ ഫൈനലിൽ. സിഡ്‌നിയിലെ അക്കോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്‌ട്രേലിയയുടെ വിജയം.
മത്സരത്തിന്റെ 29-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഓസ്‌ട്രേലിയയുടെ കൈറ്റ്‌ലിൻ ഫൂർഡാണ് ഓസ്‌ട്രേലിയയ്ക്കായി ആദ്യ ഗോൾ നേടിയത്. സമനിലഗോൽ നേടാനുള്ള ഡെന്മാർക്കിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പിന്നാലെ 70ാം മിനിറ്റിൽ ഓസ്ട്രേലിയയുട വിംഗർ ഹെയ്‌ലി റാസോ ഗോൾ നേടിയതോടെ ടീം ലീഡ് ഉയർത്തി.
ഷോട്ടുകളുടെ എണ്ണത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. പന്തടക്കത്തിലും പാസ്സുകളിലും ഡെന്മാർക്ക് മുന്നിട്ട് നിന്നെങ്കിലും വിജയം മാത്രം അകന്നുനിന്നു.
മറ്റൊരു മത്സരത്തിൽ ഷൂട്ടൗട്ടിൽ നൈജീരിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തു. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ലക്ഷ്യം കാണാൻ കഴിയാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആഫ്രിക്കൻ വമ്പന്മാരെ പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.